ആഴ്ചയിൽ 300 ഗ്രാം ചിക്കൻ കഴിക്കുന്നവരാണോ? കാൻസർ സാധ്യത കൂടുതലെന്ന് പുതിയ പഠനങ്ങൾ
സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർക്കാണ് അപകടസാധ്യത കൂടുതലെന്നും പഠനത്തിലുണ്ട്
വാഷിങ്ടൺ: പച്ചക്കറികള്‍ക്കും മീനിനും ഒപ്പം, അതല്ലെങ്കില്‍ അതിനേക്കാളേറെയോ ചിക്കന് നമ്മുടെ ജീവിതത്തിൽ പ്രാധാന്യമുണ്ട്. കറി വെച്ചും ഫ്രൈ ചെയ്തും ഗ്രില്‍ ചെയ്തുമെല്ലാം ചിക്കൻ നമ്മുടെ തീൻമേശയിൽ സ്ഥിരസാന്നിധ്യമായി മാറിക്കഴിഞ്ഞു. ഇതിന് പുറമെ ഹോട്ടലുകളിൽ നിന്ന് ലഭിക്കുന്ന ഒട്ടുമിക്ക ഫാസ്റ്റ് ഫുഡ് ഇനങ്ങളിലും ചിക്കന്റെ സാന്നിധ്യമുണ്ട്.
ആരോഗ്യകരമായി നോക്കുമ്പോൾ പ്രോട്ടീനുകളുടെ ഉറവിടമാണ് ചിക്കൻ. കൂടാതെ അമിനോ ആസിഡുകളും, വിറ്റാമിൻ ബി പോലുള്ള പ്രധാന പോഷകങ്ങളും ഇതിലടങ്ങിയിട്ടുണ്ട്. എന്നാൽ ചിക്കൻ പ്രേമികൾക്ക് അൽപം ആശങ്കയുണ്ടാക്കുന്ന പഠനറിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
ആഴ്ചയിൽ 300 ഗ്രാമോ അതിൽ കൂടുതലോ ചിക്കൻ കഴിക്കുന്നത് ദഹനനാളത്തിലെ കാന്‍സറിന് (ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനൽ ക്യാൻസര്‍) സാധ്യത വർധിപ്പിക്കുമെന്ന് അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ പറയുന്നു.ന്യൂട്രിയന്റ്‌സിലാണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.ആഴ്ചയിൽ 300 ഗ്രാമിൽ കൂടുതൽ ചിക്കൻ കഴിക്കുന്നവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനൽ കാൻസറിനും ഇതുമൂലമുണ്ടാകുന്ന അകാല മരണത്തിനുള്ള സാധ്യത ഇരട്ടിയാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർക്കാണ് അപകടസാധ്യത കൂടുതലെന്നും പഠനത്തിലുണ്ട്.
ആഴ്ചയിൽ 300 ഗ്രാമിൽ കൂടുതൽ കോഴിയിറച്ചി കഴിക്കുന്നവരിൽ 100 ഗ്രാമിൽ താഴെ കോഴിയിറച്ചി കഴിക്കുന്നവരെ അപേക്ഷിച്ച് മരണ സാധ്യത 27ശതമാനം കൂടുതലാണെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, ആഴ്ചയിൽ 300 ഗ്രാമിൽ കൂടുതൽ കഴിക്കുന്ന പുരുഷന്മാർക്ക് ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനൽ കാൻസർ മരണ സാധ്യത ഇരട്ടിയാണ്. 4000 ത്തിലധികം പേരെ 19 വർഷം നിരീക്ഷിച്ചാണ് പഠനങ്ങൾ നടത്തിയിട്ടുള്ളത്.
എന്നാൽ ഈ പഠനത്തിൽ പല പോരായ്മകളും ചൂണ്ടിക്കാണിക്കുന്നുണ്ട്. ഗവേഷണത്തിന് തെരഞ്ഞെടുത്ത വ്യക്തികളുടെ വ്യായാമം,ജീവിതരീതികൾ പോലുള്ള ശാരീരിക പ്രവർത്തനങ്ങളും പഠനത്തിൽ പരിഗണിച്ചിട്ടില്ല. കഴിച്ച ചിക്കന്റെ അളവിനെക്കുറിച്ച് മാത്രമാണ് പഠനത്തിൽ പരിഗണിച്ചിട്ടുള്ളത്.എന്നാൽ ഈ കോഴിയിറച്ചി എങ്ങനെയാണ് തയ്യാറാക്കിയിരിക്കുന്നതെന്നും പഠനത്തിൽ പറയുന്നില്ല.ഇതും പോരായ്മയായി ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത്തരം പരിമിതികൾ പഠനത്തിലുണ്ടെന്ന് ഗവേഷകർ തന്നെ സമ്മതിക്കുന്നുണ്ട്.
ചിക്കൻ സ്ഥിരമായി കഴിച്ചാലുളള മറ്റ് ദോഷങ്ങൾ
കൊളസ്‌ട്രോൾ വർധിപ്പിക്കും
ചിക്കൻ ശരിയായി പാകം ചെയ്ത് കഴിച്ചില്ലെങ്കിൽ കൊളസ്‌ട്രോളിന് കാരണമാകും. വിഭവം തയ്യാറാക്കുന്ന രീതിയെ ആശ്രയിച്ച് അതിൽ കൊളസ്‌ട്രോളിന്റെയും പൂരിത കൊഴുപ്പിന്റെയും അളവ് വ്യത്യാസപ്പെടാം.
ഹൃദ്രോഗം
ചിക്കൻ ഉൾപ്പെടെയുള്ള ചിലതരം മാംസത്തിന്റെ ഉയർന്ന ഉപഭോഗം ഹൃദ്രോഗം, ചിലതരം അർബുദം തുടങ്ങിയ രോഗങ്ങൾക്ക് സാധ്യത വർധിപ്പിക്കുമെന്ന് നേരത്തെ തന്നെ പഠനങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്.
ഭക്ഷ്യജന്യ രോഗങ്ങൾ
നന്നായി വേവിക്കാത്ത ചിക്കൻ കഴിച്ചാൽ ഭക്ഷ്യജന്യ രോഗങ്ങൾക്കും സാധ്യതയുണ്ട്.
ചിക്കൻ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- കടയിൽ നിന്നും ചിക്കൻ വാങ്ങുമ്പോൾ ഗുണനിലവാരമുള്ളത് തെരഞ്ഞെടുക്കാം.
- ചിക്കൻ നന്നായി പാകം ചെയ്തിട്ടാണ് കഴിക്കുന്നതെന്ന് ഉറപ്പുവരുത്താം.ഇത് ബാക്ടീരിയകളെ ഇല്ലാതാക്കാൻ സഹായിക്കും.
- ചിക്കൻ പാകം ചെയ്യുമ്പോൾ ആരോഗ്യകരമായ രീതികൾ സ്വീകരിക്കുക.ഉദാഹരണത്തിന് ഗ്രിൽ, ബേക്കിംഗ്, അല്ലെങ്കിൽ ആവിയിൽ വേവിക്കൽ പോലുള്ള പാചക രീതികൾ ഉപയോഗിക്കാം
- ചിക്കൻ വറുത്ത് കഴിക്കാനാണ് എല്ലാവർക്കും കൂടുതൽ ഇഷ്ടം.എന്നാൽ കൊഴുപ്പും അമിതമായ കലോറി ഉപഭോഗവും പരിമിതപ്പെടുത്താൻ വറുക്കുന്നത് ഒഴിവാക്കുക.