പ്രതിരോധ കുത്തിവെപ്പെടുത്തിട്ടും പേവിഷബാധയേറ്റ് മരണം: കാരണങ്ങള്‍ പലത്; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
മലപ്പുറത്തെ അഞ്ചരവയസുകാരി പേവിഷബാധയേറ്റ് ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്
മലപ്പുറത്ത് തെരുവ് നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അഞ്ചരവയസുകാരി പേവിഷബാധയേറ്റ് മരിച്ച വാർത്ത ഏറെ ഞെട്ടലോടെയാണ് നാം കേട്ടത്. ഇന്ന് പുലർച്ചെ കോഴിക്കോട് മെഡിക്കൽ കോളജിൽവെച്ചായിരുന്നു കുട്ടിയുടെ മരണം. പ്രതിരോധ കുത്തിവെപ്പുകളെല്ലാം കുട്ടിക്ക് എടുത്തിരുന്നുവെന്നതാണ് ഇതിലെ എടുത്തുപറയേണ്ട കാര്യം. പ്രതിരോധ വാക്‌സിൻ എടുത്തിട്ടും പേവിഷബാധ എങ്ങനെ ഉണ്ടാകുമെന്ന ചര്‍ച്ചകളും ഇതിനോടൊപ്പം ഉയര്‍ന്നിട്ടുണ്ട്.
മുറിവുകളുടെ ആഴവും പ്രധാനം
ഇക്കഴിഞ്ഞ മാർച്ച് 29നാണ് മിഠായി വാങ്ങാൻ മലപ്പുറം പെരുവള്ളൂർ കാക്കത്തടം സ്വദേശി സൽമാനുൽ ഫാരിസിന്റെ മകൾ സിയയെ തെരുവ് നായ കടിക്കുന്നത്. കാലിനും തലയ്ക്കും ആഴത്തിൽ മുറിവേറ്റിരുന്നു. സിയയുടെ തലയ്‍ക്കേറ്റ മുറിവ് ഗുരുതരമായിരുന്നു.
തുടർന്ന്, കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് മൂന്ന് ഡോസ് ഐഡിആർവി വാക്സിൻ സ്വീകരിച്ചു. തലയ്‍ക്കേറ്റ മുറിവ് തുന്നിച്ചേർക്കുകയും ചെയ്തിരുന്നു. സിയക്കൊപ്പം മറ്റ് ആറുപേർക്കും തെരുവുനായയുടെ കടിയേറ്റിരുന്നു. പ്രതിരോധ കുത്തിവെപ്പെടുത്തതിന് ശേഷം സിയയുടെ മുറികൾ ഉണങ്ങിയിരുന്നെന്ന് കുടുംബം പറയുന്നു. എന്നാൽ രണ്ടുദിവസം മുമ്പ് പനി വരികയും പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിക്കുകയും ചെയ്തു. ഇതോടെയാണ് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.
തല,മൂക്ക്,മുഖം,കഴുത്ത്,വിരൽത്തുമ്പുകൾ,ചെവി തുടങ്ങിയ സ്ഥലങ്ങളിലാണ് കടിയേൽക്കുന്നതെങ്കിൽ വൈറസ് തലച്ചോറിൽ പെട്ടന്ന് എത്തും. കടിയേറ്റ സമയത്ത് വൈറസ് നേരിട്ട് നാഡീഞരമ്പുകളിലേക്ക് പ്രവേശിക്കുകയും നേരിട്ട് മസ്തിഷ്‌കത്തിലെത്തുകയും ചെയ്താൽ വാക്‌സിൽ ഫലിക്കമെന്നില്ല.
എന്നാൽ കാലിലോ ശരീരത്തിന്റെ താഴെ ഭാഗത്തോ ആണ് കടിയേറ്റതെങ്കിൽ വൈറസ് തലച്ചോറിലെത്താൻ സമയമെടുക്കുമെന്നും ഡോക്ടർമാർ പറയുന്നു. മരിച്ച സിയയുടെ തലയിൽ ആഴത്തിലുള്ള മുറിവായിരുന്നു ഏറ്റതെന്നും ഡോക്ടർമാർ പറയുന്നു. അതുകൊണ്ടാണ് പ്രതിരോധകുത്തിവെപ്പെടുത്ത് ആന്റിബോഡികൾ ശരീരത്തിൽ പ്രവർത്തിച്ചുതുടങ്ങുന്നതിന് മുമ്പ് തന്നെ വൈറസ് തലച്ചോറിലെത്തകയും പേ വിഷബാധ ഏൽക്കുകയും ചെയ്യുന്നത്. തലയിൽ പത്തോളം സ്റ്റിച്ചുണ്ടായിരുന്നു. രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും മുറിവ് ഉണങ്ങുകയും സ്റ്റിച്ച് എടുക്കുകയും ചെയ്തിരുന്നു.
കടിയേൽക്കുന്ന സമയവും വാക്‌സിനെടുക്കുന്ന സമയവും പ്രധാനം- ഡോ.സുൽഫി നൂഹ്
നായയുടെ കടിയേൽക്കുന്ന സമയവും വാക്‌സിനേഷൻ എടുക്കുന്ന സമയവും ഏറെ പ്രധാനപ്പെട്ടതാണെന്ന് ഐ.എം.എ മുൻ പ്രസിഡന്‍റ് ഡോ.സുൽഫി നൂഹ് പറയുന്നു. നായയുടെ കടിയേറ്റ് കഴിഞ്ഞാൽ വാക്‌സിനേഷൻ എടുക്കാൻ കാലതാമസമെടുക്കരുത്. ചെറിയ കടിയാണ് കിട്ടിയത്,നാളെപോയി വാക്‌സിനെടുക്കാം എന്ന് ഒരിക്കലും ചിന്തിക്കരുതെന്നും ഇത് വൈറസിനെ ശരീരത്തിൽ വ്യാപിക്കാനുള്ള സമയം നൽകുമെന്നും ഡോ.സുൽഫി നൂഹ് മീഡിയവണിനോട് പറഞ്ഞു.
ഇതിന് പുറമെ കടിയേറ്റതിന്റെ മുറിവുകളുടെ ആഴവും പ്രധാനപ്പെട്ടതാണ്. നാഡികളും രക്തയോട്ടവും കൂടുതലുള്ള ഭാഗത്തുമാണ് കടിയേൽക്കുന്നതെങ്കിൽ വാക്‌സിൻ കൊടുത്താാലും ഫലപ്രദമാകാനുള്ള സാധ്യത കുറവാണ്. ഐഡിആർവി വാക്‌സിൻ 99 ശതമാനവും ഫലപ്രദമാകാറുണ്ട്. എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ വാക്‌സിൻ ഫലം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രഥമ ശുശ്രൂഷ പ്രധാനം
നായയുടെ കടിയേറ്റാൽ മുറിവിന് നൽകുന്ന പ്രഥമശുശ്രൂഷ ഏറെ പ്രധാനമാണെന്ന് ഡോക്ടർമാർ പറയുന്നു. കടിയേറ്റ ഭാഗം മുഴുവൻ ഒഴുകുന്ന വെള്ളത്തിൽ സോപ്പ് ഉപയോഗിച്ച് കഴുകണം.ചുരുങ്ങിയത് 15 മിനിറ്റെങ്കിലും ഇങ്ങനെ കഴുകണം.പൈപ്പിൽ നിന്നും വെള്ളം മുറിവിൽനേരിട്ട് പതിക്കുന്ന രീതിയിൽ സോപ്പ് ഉപയോഗിച്ച് നന്യാാി പതപ്പിന് കഴുകണം. മുറിവിൽ പുരമ്ടിരിക്കുന്ന വൈറസുകലെ നിർവീര്യമാക്കാൻ ഇത് സഹായിക്കും.
കൃത്യമായ ചികിത്സ നല്‍കിയില്ലെന്ന് സിയയുടെ കുടുംബം,നിഷേധിച്ച് ഡോക്ടര്‍മാര്‍
അതേസമയം, അതേസമയം, തലയ്ക്ക് ആഴത്തിൽ മുറിവേറ്റിട്ടും തുന്നിക്കെട്ടുകയല്ലാതെ ആദ്യഘട്ടത്തിൽ ആശുപത്രി അധികൃതർ കൃത്യമായ ചികിത്സ നൽകിയില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. മുൻകരുതൽ നടപടികളൊന്നും ഉണ്ടായില്ലെന്നും അവർ പറയുന്നു. വാക്സിനെടുക്കുന്നത് വരെ കുട്ടിക്ക് വലിയ പ്രശ്നമൊന്നുമുണ്ടായിരുന്നില്ലെന്നും കഴിഞ്ഞ ശനിയാഴ്ച പനിയുണ്ടായെന്നും തുടർന്ന് ഉറങ്ങാനാവാത്ത സാഹചര്യമുണ്ടായെന്നും കുടുംബം പറയുന്നു. പിന്നാലെ, പരിശോധന നടത്തിയപ്പോഴാണ് പേവിഷബാധയാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് പേവിഷബാധയുടെ ലക്ഷണങ്ങൾ കാണുകയും നില ഗുരുതരമാവുകയുമായിരുന്നു.
എന്നാല്‍ കുട്ടിക്ക് ഐഡിആർവി വാക്സീനുംഇമ്യൂണോ ഗ്ലോബുലിനും കുട്ടിക്ക് നൽകിയിട്ടുണ്ടെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കി.പെണ്‍കുട്ടിയുടെ തലയോട്ടിയില്‍ ഗുരുതരമായ 13 മുറിവുകൾ ഉണ്ടായിരുന്നതായി കമ്മ്യൂണിറ്റി മെഡിസിൻ എച്ച്ഒഡി ഡോ.അസ്മ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ശാസ്ത്രീയമായ എല്ലാ ചികിത്സയും പ്രോട്ടോക്കോൾ പാലിച്ചുള്ള ചികിത്സയും നല്‍കിയെന്നും ഡോക്ടര്‍ പറഞ്ഞു. കടിയേറ്റ ഉടനെ വീട്ടിൽ നിന്നും പ്രഥമ ശുശ്രൂഷ ലഭിച്ചില്ലെന്നും സമയം വൈകും തോറും വൈറസ് ബാധ പെട്ടെന്നുണ്ടാകുമെന്നും പെണ്‍കുട്ടിയുടെ കാര്യത്തില്‍ ഇതാകാം സംഭവിച്ചതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.