ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും; വൃക്കയെ തകരാറിലാക്കുന്ന ഭക്ഷണങ്ങൾ
സാധാരണമെന്നും നിരുപദ്രവകാരിയെന്നും പലപ്പോഴും കരുതാറുള്ള ഭക്ഷണപദാർത്ഥങ്ങളാണ് വൃക്കയ്ക്ക് പണി കൊടുക്കുന്നത്
ശരീരത്തിലെ പ്രധാന അവയവങ്ങളിലൊന്നാണ് വൃക്കകൾ. ഇത്തിരിക്കുഞ്ഞനാണെങ്കിലും ശരീരത്തിലടിയുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാനും, ജലാംശം ക്രമീകരിക്കാനും, നിയന്ത്രിക്കാനുമൊക്കെയായി വൃക്കയുടെ സേവനം അത്യന്താപേക്ഷിതമാണ്. പലപ്പോഴും ആളുകളത്ര ശ്രദ്ധ കൊടുക്കാത്തതിനാൽ വൃക്ക രോഗികളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്.
സാധാരണമെന്നും നിരുപദ്രവകാരിയെന്നും പലപ്പോഴും കരുതാറുള്ള ഭക്ഷണപദാർത്ഥങ്ങളാണ് വൃക്കയ്ക്ക് പണി കൊടുക്കുന്നത്. ശ്രദ്ധിച്ചില്ലെങ്കിൽ വിനയാകുന്ന ഭക്ഷണങ്ങളിൽ ചിലത് ഇതാണ്;
ഉപ്പ്
ഉയർന്ന തോതിൽ സോഡിയം കഴിക്കുന്നത് രക്തസമ്മർദ്ദം കൂടാൻ കാരണമാവുകയും ഇത് വൃക്കകളുടെ പ്രവർത്തനത്തെ സാരമായി തന്നെ ബാധിക്കുകയും ചെയ്യും. ഒരു ദിവസം 5ഗ്രാം ഉപ്പാണ് കഴിക്കേണ്ടത് എന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നുണ്ട്. എന്നാൽ മിക്ക ആളുകളും ഒരു ദിവസം കഴിക്കുന്ന ഉപ്പിന്റെ അളവ് ഇതിലും എത്രയോ കൂടുതലാണ്. അച്ചാറും, പപ്പടവും, പാക്കറ്റ് സ്‌നാക്‌സും, മൂന്ന് നേരത്തെ ഭക്ഷണത്തിലുമൊക്കെയായി ഒരു ദിവസം കഴിക്കുന്ന ഉപ്പിന്റെ അളവ് ഒത്തിരിയുണ്ട്.
ഭക്ഷണത്തിൽ പൊടിയുപ്പിന് പകരം കല്ലുപ്പ് ഉപയോഗിക്കുന്നതും ജീരകം,ഇഞ്ചി, വെളുത്തുള്ളി, ചെറുനാരങ്ങ നീര്, മല്ലി എന്നിവ കൂടുതലായി ഉപയോഗിക്കുന്നതും ഉപ്പിന്റെ അളവ് കുറക്കാൻ സഹായിക്കുന്നു.
പാക് ചെയ്തതും സംസ്‌കരിച്ചതുമായ ഭക്ഷണങ്ങൾ
ഇൻസ്റ്റന്റ് നൂഡിൽസ്, ചിപ്‌സ്, ഫ്രോസൺ സ്‌നാക്‌സ് തുടങ്ങിയവയിൽ സോഡിയം, പ്രിസർവേറ്റിവുകൾ, കൊഴുപ്പ് എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത്തരം പദാർത്ഥങ്ങൾ അമിതമായി കഴിക്കുന്നത് രക്തസമ്മർദ്ദത്തിനു മാത്രമല്ല, കിഡ്‌നി സ്തംഭനത്തിനുവരെ കാരണമാകുന്നു.
പച്ചക്കറികളും ധാന്യവർഗങ്ങളും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതായിരിക്കും. വറുത്ത കടല പോലുള്ളവ സ്‌നാക്‌സായി കഴിക്കുന്നതും ആരോഗ്യത്തിന് ഗുണം ചെയ്യും.
പഞ്ചസാര
അമിതമായി പഞ്ചസാര കഴിക്കുന്നത് പ്രമേഹത്തിന് കാരണമാകും. പ്രമേഹം പിന്നീട് കിഡ്‌നി രോഗങ്ങളിലേക്ക് നയിക്കുന്നു. ലഡ്ഡു, കേക്കുകൾ, ഹൽവ തുടങ്ങിയ മധുര പലഹാരങ്ങൾ അധികം കഴിക്കുന്നത് പഞ്ചസാരയുടെ അളവ് കൂടാൻ വഴിയൊരുക്കും.
ഈന്തപ്പഴം, മിതമായ അളവിൽ ശർക്കര, മാങ്ങ, ചിക്കു, പഴം, തുടങ്ങിയവ മധുരക്കൊതി അടക്കാൻ കഴിക്കുന്നത് നല്ലതാണ്. റാഗി പോലുള്ള ധാന്യങ്ങൾ മധുരം കഴിക്കാനുള്ള ആഗ്രഹം കുറയ്ക്കുന്നു.
പാലും, പാലുൽപന്നങ്ങളും
പാൽ കാൽസ്യത്തിന്റെ ഉറവിടമാണ്. എന്നാൽ അമിതമായി പാൽ കുടിക്കുന്നത് കാൽസ്യത്തിന്റെ അളവ് കൂട്ടുകയും, കിഡ്‌നി സ്റ്റോൺ ഉണ്ടാകാൻ സാധ്യതയൊരുക്കുകയും ചെയ്യുന്നു. ചിലതരം ചീസുകളിൽ ഉപ്പും, പ്രിസർവേറ്റീവുകളും അടങ്ങിയിട്ടുള്ളതിനാൽ അതും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.
കൊഴുപ്പ് കുറഞ്ഞ തൈര്, ടോൺഡ് മിൽക്ക്, ബദാം പാൽ, ഓട്‌സ് പാൽ എന്നിവ കുടിക്കുന്നത് നല്ലതാണ്. കാൽസ്യത്തിന് ചീര പോലുള്ള ഇലക്കറികൾ കഴിക്കുന്നത് ഗുണം ചെയ്യും.
സോഫ്റ്റ് ഡ്രിങ്കുകൾ
മിക്ക സോഫ്റ്റ് ഡ്രിങ്കുകളിലും ഫോസ്‌ഫേറ്റ്‌സോ, കൃത്രിമമായി ചേർത്ത പഞ്ചസാരയോ അടങ്ങിയിട്ടുണ്ട്. ഇത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാക്കുന്നു. വൃക്കയിലെ കല്ല്, കാൽസ്യം മെറ്റബോളിസത്തിലെ തകരാറ് എന്നിങ്ങനെ നീണ്ട് പോകും നിര.
അപകടകാരിയായ ഇത്തരം പാനീയങ്ങൾക്ക് പകരം വീടകങ്ങളിൽ തന്നെ ലഭിക്കുന്ന ദാഹശമനികളെ ആശ്രയിക്കുന്നത് ഒത്തിരി ആരോഗ്യപ്രശ്‌നങ്ങളിൽ നിന്ന് രക്ഷ നൽകും.