നഴ്‌സുമാർക്ക് ദുബൈയിൽ ഗോൾഡൻ വിസ; പ്രഖ്യാപനം നടത്തി ശൈഖ് ഹംദാൻ
15 വർഷം സേവനം ചെയ്തവർക്ക് അർഹത, മലയാളികൾക്ക് ഗുണകരമാകും
ദുബൈ: നഴ്‌സുമാർക്ക് ഗോൾഡൻ വിസ പ്രഖ്യാപിച്ച് ദുബൈ ഭരണകൂടം. ദുബൈ കിരീടാവകാശി ശൈഖ് ഹംദാനാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. നിരവധി മലയാളി നഴ്‌സുമാർക്ക് പ്രഖ്യാപനം ഗുണകരമാകും. 15 വർഷമോ അതിലധികമോ ദുബൈ ഹെൽത്തിൽ സേവനം ചെയ്യുന്ന നഴ്‌സിങ് ജീവനക്കാർക്കാണ് ഗോൾഡൻ വിസയ്ക്ക് അർഹതയുണ്ടാകുക. അന്താരാഷ്ട്ര നഴ്‌സസ് ദിനത്തോടനുബന്ധിച്ചാണ് ശൈഖ് ഹംദാന്റെ പ്രഖ്യാപനം. എമിറേറ്റിലെ ആരോഗ്യമേഖലയുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ നഴ്‌സുമാർ വഹിക്കുന്ന പങ്ക് മുൻനിർത്തിയാണ് ഇവർക്കുള്ള ആദരം.
നഴ്‌സുമാർക്ക് ഗോൾഡൻ വിസ നൽകുന്ന മലയാളി സമൂഹത്തിന് ഏറെ ഗുണകരമാകും എന്നാണ് വിലയിരുത്തൽ. യുഎഇയിലെ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്ന വലിയൊരു വിഭാഗം മലയാളികളാണ്. കുറച്ചു വർഷങ്ങളായി യുഎഇയിൽ നിന്ന് യൂറോപ്യൻ രാഷ്ട്രങ്ങളിലേക്ക് മലയാളി നഴ്‌സുമാർ കുടിയേറുന്ന സാഹചര്യമുണ്ട്. ഗോൾഡൻ വിസ നഴ്‌സുമാർക്ക് യുഎഇയിൽ തന്നെ തുടരാനുള്ള ആകർഷണമാകും എന്നാണ് പ്രതീക്ഷ.
2019ലാണ് വിവിധ മേഖലകളിലെ പ്രതിഭകളെ രാജ്യത്തേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായി യുഎഇ ഗോൾഡൻ വിസ അവതരിപ്പിച്ചത്. നിക്ഷേപകർ അടക്കം വ്യത്യസ്ത തലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പേർക്ക് ദീർഘകാല വിസ ലഭിച്ചിട്ടുണ്ട്.