Writer - razinabdulazeez
razinab@321
അസ്താന: ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡേറ്റാ ഇന്റലിജൻസ്, വിദ്യാഭ്യാസം, ലോജിസ്റ്റിക്സ്, തുറമുഖ സഹകരണം, റീട്ടെയ്ൽ, ഭക്ഷ്യസംസ്കരണ കയറ്റുമതി തുടങ്ങി വിവിധ മേഖലകളിൽ വിപുലമായ സഹകരണത്തിന് യുഎഇ -കസാഖിസ്ഥാൻ ധാരണ. അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ ഔദ്യോഗിക സന്ദർശനത്തിലാണ് തീരുമാനം. കസാഖിസ്ഥാൻ പ്രസിഡന്റ് കാസിം ജോമാർട്ട് ടോകയേവുമായി കിരീടാവകാശി കൂടിക്കാഴ്ച നടത്തി. അസ്താന ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെൻ്ററിൽ നടന്ന യുഎഇ കസാഖിസ്ഥാൻ ബിസിനസ് ഫോറത്തിൽ പുതിയ നിക്ഷേപ സാധ്യതകളും യുഎഇ-കസാഖിസ്ഥാൻ വ്യവസായ സഹകരണവും ചർച്ചയായി.
ഭക്ഷ്യസംസ്കരണ കയറ്റുമതി രംഗത്തും റീട്ടെയ്ൽ മേഖലയിലും മികച്ച സഹകരണത്തിന് കസാഖിസ്ഥാൻ കൃഷി മന്ത്രി സപാരൊവ് ഐദർബെക്, വ്യാപാര മന്ത്രി അർമ്മാൻ ഷകലെവ് എന്നിവരുമായി യുഎഇയുടെ ഔദ്യോഗിക പ്രതിനിധി സംഘാംഗമായി അസ്താനയിലെത്തിയ ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി ചർച്ച നടത്തി. കസാക്കിസ്ഥാനിലെ കാർഷിക ഉത്പന്നങ്ങൾക്ക് മിഡിൽ ഈസ്റ്റിൽ കൂടുതൽ വിപണി ലഭ്യമാക്കുന്നത് കൂടിക്കാഴ്ചയിൽ ചർച്ചയായി. കസാഖിസ്ഥാനിലെ കാർഷിക മേഖലയ്ക്ക് മികച്ച പിന്തുണ നൽകുമെന്നും ഉത്പന്നങ്ങൾക്ക് കൂടുതൽ വിപണി ലുലു സ്റ്റോറുകളിൽ ലഭ്യമാക്കുമെന്നും യൂസഫലി പറഞ്ഞു. മധ്യേഷ്യൻ മേഖലയിലെ തനത് കാർഷിക ഉത്പന്നങ്ങളുടെ ഗുണമേന്മ യുഎഇയിലെ ഉപഭോക്താകൾക്ക് ലുലു ലഭ്യമാക്കും. കസാഖിസ്ഥാനിലെ മികച്ച കാർഷിക ഉത്പന്നങ്ങൾ യുഎഇയിലെ ലുലു സ്റ്റോറുകളിൽ ഉറപ്പാക്കുന്നതിനായി പ്രമുഖ കസാഖ് കമ്പനിയായ അലേൽ അഗ്രോയുമായി ലുലു ഗ്രൂപ്പ് ധാരണാപത്രം ഒപ്പുവച്ചു. അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, കസാഖിസ്ഥാൻ പ്രസിഡന്റ് കാസിം-ജോമാർട്ട് ടോകയേവ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ എം.എ യൂസഫലി ഉൾപ്പെടെയുള്ളവർ ധാരണാപത്രം കൈമാറി. യുഎഇ വ്യാപാര സഹമന്ത്രി താനി ബിൻ അഹമ്മദ് അൽ സെയൂദി ഉൾപ്പെടെയുള്ളവർ സംബന്ധിച്ചു.