2025 വർഷത്തെ ആദ്യപാദത്തിൽ ലുലുവിന് ലാഭക്കുതിപ്പ്
2.1 ബില്യൺ ഡോളറാണ് ആദ്യ പാദത്തിലെ വരുമാനം
അബൂദബി: 2025 വർഷത്തെ ആദ്യപാദത്തിൽ മികച്ച പ്രകടനവുമായി ലുലു റീട്ടെയിൽ. 2.1 ബില്യൺ ഡോളറാണ് ആദ്യ പാദത്തിലെ വരുമാനം. പ്രതീക്ഷിച്ചതിൽ കവിഞ്ഞുള്ള ലാഭവിഹിതം നേടാനായെന്നും കമ്പനി അറിയിച്ചു.
മലയാളി വ്യവസായി എംഎ യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പിന് കീഴിലുള്ള ലുലു റീട്ടെയിൽ ആദ്യപാദത്തിൽ 16 ശതമാനം വളർച്ചയോടെ 69.7 ദശലക്ഷം ഡോളറിന്റെ ലാഭമാണ് നേടിയത്. 7.3 ശതമാനം വളർച്ചയോടെ 2.1 ബില്യൺ ഡോളർ വരുമാനവും ഇക്കാലയളവിൽ കമ്പനി സ്വന്തമാക്കി.
ഇ-കൊമേഴ്‌സ് ഓൺലൈൻ പ്ലാറ്റ്‌ഫോമിലെ മികച്ച വളർച്ചയാണ് നേട്ടത്തിന് കരുത്തു പകർന്നത്. 93.4 ദശലക്ഷം ഡോളറിന്റെ വിൽപ്പനയാണ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെ നടന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് 26 ശതമാനം വളർച്ചയാണ് മേഖലയിൽ രേഖപ്പെടുത്തിയത്. മൊത്തം വരുമാനത്തിന്റെ 4.7 ശതമാനവും ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെയാണ്.
നിക്ഷേപകർ ലുലുവിൽ അർപ്പിച്ച വിശ്വാസത്തിന്റെ ഫലമാണ് ഈ മികച്ച നേട്ടമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു. റീട്ടെയ്ൽ സേവനം ജിസിസിയിലെ കൂടുതൽ സ്ഥലങ്ങളിലേക്ക് വിപുലപ്പെടുത്തി സുസ്ഥിര വളർച്ച ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലാഭവിഹിതം വർധിച്ചതോടെ ജിസിസിയിലെ 20 പുതിയ സ്ഥലങ്ങളിൽ ലുലു പുതിയ സ്റ്റോറുകൾ ആരംഭിക്കും. ഈ പാദത്തിൽ യുഎഇയിൽ മാത്രം ആറ് ശതമാനത്തോളം വളർച്ചയാണ് ലുലു നേടിയത്. സൗദി അറേബ്യയിയിൽ 10 ശതമാനത്തിലേറെ വരുമാന വർധനയാണ് രേഖപ്പെടുത്തിയത്.