സമാപനച്ചടങ്ങിന് മിഴിവേകി മോഹൻലാലിന്റെ സാന്നിധ്യം; കമോൺ കേരളയ്ക്ക് പ്രൗഢ സമാപനം

യുഎഇ തന്റെ രണ്ടാം വീട്, അറബിക്കഥയിൽ കേട്ടതിനേക്കാൾ മനോഹരം... ഈ സ്‌നേഹം തുടരുമെന്ന് മോഹൻലാൽ

Update: 2025-05-12 15:48 GMT
Advertising

ഷാർജ: യുഎഇയുടെ വിവിധ എമിറേറ്റുകളിൽ നിന്ന് ഒഴുകിയെത്തിയ ജനസാഗരത്തെ സാക്ഷി നിർത്തി ഗൾഫ് മാധ്യമം കമോൺ കേരളയുടെ ഏഴാം പതിപ്പിന് പ്രൗഢ സമാപനം. മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ സാന്നിധ്യം സമാപനച്ചടങ്ങിന് മിഴിവേകി. ഷാർജ എക്‌സ്‌പോ സെന്ററിലായിരുന്നു മേള.

ഷാർജ നെഞ്ചേറ്റിയ മഹാമേളയുടെ കലാശക്കൊട്ടിൽ മോഹൻലാൽ തന്നെയായിരുന്നു താരം. ഷാർജ എക്‌സ്‌പോ സെന്ററിലെ പ്രധാന വേദിയിൽ തടിച്ചുകൂടിയ പതിനായിരങ്ങൾ അവരുടെ സ്വന്തം ലാലേട്ടനെ ഹൃദയപൂർവം വരവേറ്റു. വാക്കുകൾക്കായി കാതോർത്തു. ഈ നാട് അറബിക്കഥയിൽ കേട്ടറിഞ്ഞ അറേബ്യയേക്കാൾ മനോഹരം എന്നായിരുന്നു ലാലിന്റെ വാക്കുകൾ. 'ബിയോണ്ട് ദ ബൗണ്ടറീസ്' എന്നാണ് ലാലിനായി ഒരുക്കിയ ചടങ്ങിന്റെ പേര്. ദേശാതിർത്തികൾ ഭേദിച്ച് വ്യാപിച്ച നടന്റെ സ്വീകാര്യത അവിടെക്കൂടിയ ജനസഞ്ചയം സാക്ഷ്യപ്പെടുത്തി.

 

ചടങ്ങിൽ ഗൾഫ് മാധ്യമത്തിന്റെ ഉപഹാരം ചീഫ് എഡിറ്റർ വി.കെ ഹംസ അബ്ബാസ് മോഹൻലാലിന് കൈമാറി. ഇന്ത്യൻ ബിസിനസ് ഐക്കൺ അവാർഡ്, ബിസിനസ് അച്ചീവ്‌മെൻറ് അവാർഡ്, അറേബ്യൻ ലഗസി അവാർഡ് എന്നിവയും സമാപന വേദിയിൽ സമ്മാനിച്ചു. മൂന്നു ദിവസം നീണ്ട മേളയിൽ റെക്കോർഡുകൾ തകർത്ത ജനക്കൂട്ടമാണ് ഇത്തവണ എത്തിച്ചേർന്നത്. ഗൾഫിൽ നിന്നും ഇന്ത്യയിൽ നിന്നും 200ഓളം സ്ഥാപനങ്ങളുടെ പ്രദർശന സ്റ്റാളുകളാണ് കമോൺ കേരളയിൽ ഒരുക്കിയിരുന്നത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News