"ഗൾഫ് രാജ്യങ്ങൾ ഒറ്റക്കെട്ടായി നിൽക്കണം"; കുവൈത്തിലെയും ബഹ്റൈനിലെയും ഇറാൻ ആക്രമണത്തിൽ ഡോ.അൻവർ ​ഗർ​ഗാഷ്

യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേശകനാണ് ​ഗർ​ഗാഷ്

Update: 2026-06-03 13:23 GMT

കുവൈത്ത് സിറ്റി: കുവൈത്തിനും ബഹ്റൈനും നേരെ ഇറാൻ നടത്തിയ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾക്ക് പിന്നാലെ, ജിസിസി രാജ്യങ്ങൾ ഒന്നിച്ച് അണിനിരന്ന് ശക്തമായ മറുപടി നൽകണമെന്ന് ഡോ.അൻവർ ​ഗർ​ഗാഷ്. ഇന്ന് പുലർച്ചെ ഇറാന്റെയും യു.എസ് സേനയുടെയും ഭാഗത്തു നിന്ന് ഉണ്ടായ കടുത്ത ആക്രമണ പ്രത്യാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേശകനായ ​ഗർ​ഗാഷിന്റെ നിർണായക പ്രതികരണം.

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനലിന് നേരെയുണ്ടായ ഇറാൻ ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും വിമാന സർവീസുകൾ തടസ്സപ്പെടുകയും ചെയ്തിരുന്നു. ബഹ്റൈനെയും കുവൈത്തിനെയും ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ഈ ഭീകരാക്രമണങ്ങളെ യുഎഇ ശക്തമായി അപലപിച്ചു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും മേഖലയുടെ സുസ്ഥിരതയ്ക്കും സാധാരണക്കാരുടെ സുരക്ഷയ്ക്കും കടുത്ത ഭീഷണിയാണെന്നും യുഎഇ വ്യക്തമാക്കി.

Advertising
Advertising

ഗൾഫ് രാജ്യങ്ങളിലെ ഒരു അംഗത്തെയും ഇത്തരം ഭീഷണികൾക്ക് മുന്നിൽ ഒറ്റയ്ക്ക് നേരിടാൻ വിട്ടുകൊടുക്കരുതെന്ന് യുഎഇ പ്രസിഡൻഷ്യൽ ഉപദേശകൻ അൻവർ ഗർഗാഷ് സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെട്ടു. അറബ് ഗൾഫ് രാജ്യങ്ങളുടെ സുരക്ഷ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതാണ്. ഈ അധിനിവേശം ഏതെങ്കിലും ഒരു പ്രത്യേക രാജ്യത്തെ മാത്രമല്ല, എല്ലാവരെയുമാണ് ലക്ഷ്യമിടുന്നതെന്നും അൻവർ ഗർഗാഷ് ചൂണ്ടിക്കാട്ടി. പ്രതിസന്ധി ഘട്ടങ്ങളിൽ ജിസിസി രാജ്യങ്ങൾ പരസ്പരം ലോജിസ്റ്റിക് പിന്തുണ നൽകുന്നുണ്ടെങ്കിലും രാഷ്ട്രീയ-സൈനിക സഹകരണം ഇപ്പോഴും ദുർബലമാണെന്ന് അദ്ദേഹം എടുത്തുകാട്ടി.

ഗൾഫ് രാജ്യങ്ങളുടെ നിലപാടുകൾ ഇനി മടിയും പരസ്പര പ്രശംസയും നിറഞ്ഞതാകരുത്, പകരം തികച്ചും യാഥാർത്ഥ്യബോധമുള്ളതായി മാറണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഭൂമിശാസ്ത്രപരവും ചരിത്രപരവുമായ ബന്ധങ്ങളുള്ള ഗൾഫ് മേഖലയിൽ ഏറ്റുമുട്ടലുകളിലൂടെ ബന്ധം സ്ഥാപിക്കാൻ കഴിയില്ലെന്നും, ചർച്ചകളിലൂടെയും രാഷ്ട്രീയ പരിഹാരങ്ങളിലൂടെയും മാത്രമേ പ്രാദേശിക സംഘർഷങ്ങൾ പരിഹരിക്കാൻ സാധിക്കൂ എന്നും യുഎഇ വീണ്ടും ഊന്നിപ്പറഞ്ഞു. ഹോർമുസ് കടലിടുക്ക് നിയന്ത്രിക്കാനുള്ള ഇറാന്റെ ശ്രമങ്ങളെ യുഎഇ തള്ളിക്കളയുകയും ചെയ്തു.

Tags:    

Writer - മുഫീദ വീരാൻ

contributor

Editor - മുഫീദ വീരാൻ

contributor

By - Web Desk

contributor

Similar News