"സമാധാനപരമായ ആണവനിലയങ്ങൾക്ക് അന്താരാഷ്ട്ര സംരക്ഷണം വേണം"; ഐ.എ.ഇ.എ ബോർഡ് യോഗത്തിൽ യുഎഇ

മെയ് 17-ന് ബറക ആണവനിലയത്തിന് നേരെ നടന്ന ഡ്രോൺ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നിലപാട് വ്യക്തമാക്കിയത്

Update: 2026-06-07 12:50 GMT

ദുബൈ: സമാധാനപരമായ ആവശ്യങ്ങൾക്കായി പ്രവർത്തിക്കുന്ന ആണവനിലയങ്ങൾക്ക് ശക്തമായ ആഗോള സംരക്ഷണം ഉറപ്പാക്കണമെന്ന് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (ഐ.എ.ഇ.എ) ബോർഡ് ഓഫ് ഗവർണേഴ്‌സ് യോഗത്തിൽ യുഎഇ. മെയ് 17-ന് യുഎഇയിലെ ബറക ആണവനിലയത്തിന് നേരെ നടന്ന ഡ്രോൺ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, ഊർജ-സുസ്ഥിരത കാര്യങ്ങൾക്കായുള്ള വിദേശകാര്യ അസിസ്റ്റന്റ് മന്ത്രി അബ്ദുല്ല ബലാലയാണ് രാജ്യത്തിന്റെ ഔദ്യോഗിക പ്രസ്താവന നടത്തിയത്.

ആക്രമണത്തെ തുടർന്നുണ്ടായ സാഹചര്യം അതീവ സുതാര്യമായും ഉത്തരവാദിത്തത്തോടെയും കൈകാര്യം ചെയ്ത യുഎഇയുടെ നടപടിയെയും ഐ.എ.ഇ.എയുമായുള്ള അടുത്ത സഹകരണത്തെയും യോഗത്തിൽ പങ്കെടുത്ത അംഗരാജ്യങ്ങൾ പ്രശംസിച്ചു. ഈജിപ്ത്, ജോർദാൻ, മൊറോക്കോ, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ ആവശ്യപ്രകാരമാണ് സുപ്രധാനമായ ഈ അടിയന്തര യോഗം വിളിച്ചുചേർത്തത്. സിവിലിയൻ ആണവ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ ചാർട്ടറിന്റെയും കടുത്ത ലംഘനമാണെന്ന് അബ്ദുല്ല ബലാല പറഞ്ഞു. ഇത് വരുംതലമുറയ്ക്കും പരിസ്ഥിതിക്കും പ്രാദേശിക സ്ഥിരതയ്ക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്.

Advertising
Advertising

ഡ്രോൺ ആക്രമണം ഉണ്ടായെങ്കിലും ബറക ആണവനിലയം പൂർണമായും സുരക്ഷിതമാണെന്ന് അധികൃതർ വ്യക്തമാക്കി. റേഡിയോഷനോ മറ്റ് നാശനഷ്ടങ്ങളോ രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ നാശനഷ്ടങ്ങൾ ഉണ്ടായില്ല എന്നത് ആക്രമണത്തിന്റെ ഗൗരവം കുറയ്ക്കുന്നില്ലെന്ന് യു.എ.ഇ ഓർമിപ്പിച്ചു. രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള ഒരു ഭീഷണിയും വെച്ചുപൊറുപ്പിക്കില്ലെന്നും, ശത്രുതാപരമായ ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി പ്രതികരിക്കാനുള്ള പൂർണമായ നിയമപരവും നയതന്ത്രപരവുമായ അവകാശം യുഎഇക്കുണ്ടെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഐ.എ.ഇ.എ ഡയറക്ടർ ജനറൽ റാഫേൽ മരിയാനോ ഗ്രോസി യുഎഇ സന്ദർശിച്ച് ബറക നിലയം നേരിട്ട് വിലയിരുത്തുകയും ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. സമാധാനപരമായ ആണവോർജ്ജ ഉൽപാദനത്തിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ യുഎഇ കാണിക്കുന്ന പ്രതിബദ്ധത ലോകത്തിന് മാതൃകയാണെന്ന് യോഗം വിലയിരുത്തി.

Tags:    

Writer - മുഫീദ വീരാൻ

contributor

Editor - മുഫീദ വീരാൻ

contributor

By - Web Desk

contributor

Similar News