ഭക്ഷണം പാഴാക്കില്ല...; ജബൽ അലി തുറമുഖത്തെ ‌കെട്ടിക്കിടക്കുന്ന ഭക്ഷ്യശേഖരം ആവശ്യക്കാരിലെത്തിക്കാൻ യുഎഇ

ഗുണനിലവാരവും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പുവരുത്തിയ ശേഷം യുഎഇ ഫുഡ് ബാങ്ക് വഴി വിതരണം ചെയ്യും

Update: 2026-06-07 12:39 GMT

ദുബൈ: ജബൽ അലി തുറമുഖത്ത് ക്ലിയറൻസ് ലഭിക്കാതെ കെട്ടിക്കിടക്കുന്നതും ഉടമസ്ഥരില്ലാത്തതുമായ ഭക്ഷ്യശേഖരങ്ങൾ സുരക്ഷാ പരിശോധനകൾക്ക് ശേഷം ആവശ്യക്കാരിലേക്ക് എത്തിക്കാൻ പുതിയ പദ്ധതിയുമായി യുഎഇ. ഭക്ഷ്യസാധനങ്ങൾ പാഴായിപ്പോകുന്നത് തടയുന്നതിനും ജീവകാരുണ്യ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനുമായി യുഎഇ ഫുഡ് ബാങ്കും ഡിപി വേൾഡ് ഫൗണ്ടേഷനും സംയുക്തമായാണ് ഈ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.

'സുസ്ഥിര നന്മ' എന്ന് പേരിട്ടിരിക്കുന്ന ഈ സംരംഭം ദുബൈ മുനിസിപ്പാലിറ്റി, ദുബൈ കസ്റ്റംസ്, ഡിപി വേൾഡ് എന്നിവയുടെ സഹകരണത്തോടെയാണ് നടപ്പിലാക്കുന്നത്. ജബൽ അലി തുറമുഖത്ത് കസ്റ്റംസ് നടപടികൾ പൂർത്തിയാക്കാത്ത ഭക്ഷ്യശേഖരങ്ങൾ കണ്ടെത്തി, അവയുടെ ഗുണനിലവാരവും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പുവരുത്തിയ ശേഷമായിരിക്കും യുഎഇ ഫുഡ് ബാങ്കിന്റെ മാനുഷിക ശൃംഖല വഴി വിതരണം ചെയ്യുക. ഭക്ഷ്യവസ്തുക്കൾ സ്വമേധയാ ഉപേക്ഷിക്കാനും അവ യുഎഇ ഫുഡ് ബാങ്കിന്റെ പ്രോഗ്രാമുകളിലേക്ക് സംഭാവന ചെയ്യാനും തയ്യാറാകുന്ന കമ്പനികൾക്ക് കസ്റ്റംസ് റിലീസ് നടപടിക്രമങ്ങൾ ലളിതമാക്കാനും ചെലവും സമയവും കുറയ്ക്കാനും ഈ പദ്ധതി സഹായിക്കും.

ആഹാരം പാഴായിപ്പോകുന്നത് തടഞ്ഞ് അവയെ ജീവകാരുണ്യ പ്രവർത്തനങ്ങളിലേക്ക് തിരിച്ചുവിടുന്നത് ഭക്ഷ്യ വിതരണ ശൃംഖലയിലെ ഒരു പ്രധാന വെല്ലുവിളിക്കുള്ള പരിഹാരമാണെന്ന് യുഎഇ ഫുഡ് ബാങ്ക് ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ടീം മേധാവി മനാൽ ബിൻ യാറൂഫ് പറഞ്ഞു. ഭക്ഷ്യശേഖരങ്ങൾ യുഎഇ ഫുഡ് ബാങ്കിലേക്ക് മാറ്റുന്നതിന് മുമ്പ് അവ ആരോഗ്യ-ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ദുബൈ മുനിസിപ്പാലിറ്റി സാങ്കേതികവും നിയന്ത്രണപരവുമായ പിന്തുണ നൽകും.

Tags:    

Writer - മുഫീദ വീരാൻ

contributor

Editor - മുഫീദ വീരാൻ

contributor

By - Web Desk

contributor

Similar News