ഹിജ്‌റ പുതുവർഷം; ദുബൈയിലെ സർക്കാർ ജീവനക്കാർക്ക് ജൂൺ 15-ന് ഔദ്യോഗിക അവധി
ശനി, ഞായർ ദിവസങ്ങളിലെ വാരാന്ത്യ അവധിയടക്കം ജീവനക്കാർക്ക് തുടർച്ചയായ 3 ദിവസത്തെ അവധി ലഭിക്കും
ദുബൈ: ഹിജ്‌റ പുതുവർഷത്തോടനുബന്ധിച്ച് ദുബൈയിലെ സർക്കാർ ജീവനക്കാർക്ക് വരാനിരിക്കുന്ന ജൂൺ 15 തിങ്കളാഴ്ച പൊതുഅവധി പ്രഖ്യാപിച്ചു. ദുബൈ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് ഡിപ്പാർട്ട്‌മെന്റാണ് (DGHR) അവധി സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം നൽകിയത്. തിങ്കളാഴ്ച അവധി ലഭിക്കുന്നതോടെ ശനി, ഞായർ ദിവസങ്ങളിലെ വാരാന്ത്യ അവധിയടക്കം ജീവനക്കാർക്ക് തുടർച്ചയായ മൂന്ന് ദിവസത്തെ അവധി ദിനങ്ങൾ ലഭിക്കും. ജൂൺ 16 ചൊവ്വാഴ്ച മുതൽ ഓഫീസുകൾ സാധാരണ നിലയിൽ പ്രവർത്തിച്ചു തുടങ്ങും.
അതേസമയം, ഷിഫ്റ്റ് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും അത്യാവശ്യ പൊതുസേവന മേഖലകളിൽ ഉള്ളവരും അവധി ദിവസങ്ങളിലും തടസ്സമില്ലാത്ത പ്രവർത്തനം ഉറപ്പാക്കാൻ ആവശ്യമായ രീതിയിൽ ഷെഡ്യൂളുകളിൽ മാറ്റം വരുത്തുമെന്നും അധികൃതർ വ്യക്തമാക്കി. ഹിജ്‌റ പുതുവർഷത്തോടനുബന്ധിച്ച് യുഎഇ ഭരണാധികാരികൾക്കും പൊതുജനങ്ങൾക്കും ലോകമെമ്പാടുമുള്ള മുസ്ലീം സമൂഹത്തിനും ഹ്യൂമൻ റിസോഴ്‌സസ് ഡിപ്പാർട്ട്‌മെന്റ് ആശംസകൾ നേർന്നു. ചാന്ദ്രമാസങ്ങളെ അടിസ്ഥാനമാക്കിയുള്ള ഹിജ്‌റ കലണ്ടറിലെ ആദ്യ മാസമായ മുഹറം ഒന്നിനാണ് ഇസ്‌ലാമിക പുതുവർഷം ആരംഭിക്കുന്നത്.