ഇത്തിഹാദ് സാറ്റ് വിക്ഷേപണം വിജയം; ആദ്യ സിഗ്‌നൽ ഭൂമിയിലെത്തി
എസ്എആർ വിഭാഗത്തിൽ ഉൾപ്പെടുന്ന സാറ്റലൈറ്റാണ് ഇത്തിഹാദ് സാറ്റ്
ദുബൈ: യു.എ.ഇയുടെ കൃത്രിമ ഉപഗ്രഹം ഇത്തിഹാദ് സാറ്റ് വിജയകരമായി വിക്ഷേപിച്ചു. ഇന്ന് രാവിലെ യു.എ.ഇ സമയം 10:43 ന് കാലിഫോർണിയയിൽ നിന്നാണ് ഉപഗ്രഹം വഹിച്ചുള്ള സ്‌പേസ് എക്‌സ് റോക്കറ്റ് ബഹിരാകാശത്തേക്ക് കുതിച്ചത്.
യു.എ.ഇ ഈ വർഷം വിജയകരമായി വിക്ഷേപിക്കുന്ന രണ്ടാമത്തെ ഉപഗ്രഹമാണ് ഇത്തിഹാദ് സാറ്റ്. രാവിലെ 10:43 ന് കാലിഫോർണിയയിലെ വാർഡൻബർഗ് സ്‌പേസ് സ്റ്റേഷനിൽ നിന്ന് 220 കിലോഭാരമുള്ള ഉപഗ്രഹവുമായി ഫാൽക്കൺ 9 റോക്കറ്റ് ബഹിരാകാശത്തേക്ക് കുതിച്ചു. 10:52 ന് റോക്കറ്റിന്റെ ആദ്യഘട്ട കുതിപ്പിന് സഹായിക്കുന്ന ഫസ്റ്റ് സ്റ്റേജ് ബൂസ്റ്റർ വിക്ഷേപണ കേന്ദ്രത്തിലേക്ക് വിജയകരമായി തിരിച്ചിറങ്ങി. ഉച്ചക്ക് 12.04 ന് ഭ്രമണപഥത്തിൽ നിന്ന് ഇത്തിഹാദ് സാറ്റിന്റെ ആദ്യ സിഗ്‌നൽ ദുബൈയിലെ മുഹമ്മദ് ബിൻ റാശിദ് സ്‌പേസ് സെന്ററിലെത്തി.
പുതിയ നേട്ടം കൈവരിച്ച ബഹിരാകാശ ശാസ്ത്രജ്ഞരെ യു.എ.ഇ രാഷ്ട്ര നേതാക്കൾ അഭിനന്ദിച്ചു. എസ്എആർ വിഭാഗത്തിൽ ഉൾപ്പെടുന്ന സാറ്റലൈറ്റാണ് ഇത്തിഹാദ് സാറ്റ്. എല്ലാ കാലാവസ്ഥയിലും ഉയർന്ന കൃത്യതയോടെ ഭൂമിയുടെ ചിത്രങ്ങൾ പകർത്താൻ ശേഷിയുള്ളതാണ് പുതിയ ഉപഗ്രഹം. ഈ വർഷം ജനുവരിയിൽ എം.ബി.സെഡ് സാറ്റും യു.എ.ഇ വിജയകരമായി വിക്ഷേപിച്ചിരുന്നു.