Writer - razinabdulazeez
razinab@321
ദുബൈ: നഗരാസൂത്രണ മേഖലയിൽ ദുബൈയുടെ സ്വപ്ന പദ്ധതിയായ 20 മിനിറ്റ് സിറ്റി പ്രോജക്ട് ഏറ്റെടുത്ത് അൽ ബർഷ ഡിസ്ട്രിക്ട്.മോഡൽ ഡിസ്ട്രിക്ട് പ്രോജക്ട് എന്ന പേരിലുള്ള പദ്ധതിയിൽ പതിനേഴ് കിലോമീറ്റർ നീളമുള്ള നടപ്പാതയും സൈക്ലിങ് ട്രാക്കുമുണ്ടാകും. മാൾ ഓഫ് എമിറേറ്റ്സ്, ഹെസ്സ സ്ട്രീറ്റ് സൈക്ലിങ് ട്രാക്ക്, അൽ ഖൂസ് ക്രിയേറ്റീവ് സോൺ, ദുബൈ ഹിൽസ് നടപ്പാത എന്നിവയെ ബന്ധിപ്പിക്കുന്നതാകും ഈ പാതകൾ. ജുമൈറ ബീച്ച്, അൽ സഫൂഹ് തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിലേക്ക് കണക്ടിവിറ്റിയുമുണ്ടാകും.
ദുബൈ 2040 അർബൻ പ്ലാനിങ്ങിന്റെ ഭാഗമായാണ് 20 മിനിറ്റ് സിറ്റി പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്. വാഹനഗതാഗതം പരമാവധി കുറച്ച് താമസയോഗ്യത വർധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിദ്യാഭ്യാസം, ആരോഗ്യം, വിനോദം, ആരാധന, ഷോപ്പിങ് തുടങ്ങിയവയെല്ലാം ഇതിനുള്ളിൽ ലഭ്യമായിരിക്കണം. അർബൻ പ്ലാനിങ് സുപ്രിം കമ്മിറ്റി ചെയർമാൻ മതാർ അൽ തായറിന്റെ നേതൃത്വത്തിലാണ് പ്രോജക്ടുകൾ നടന്നുവരുന്നത്. ദുബൈ നഗരത്തിന്റെ ഭാവി മുമ്പിൽക്കണ്ട് കിരീടാവകാശി ശൈഖ് ഹംദാൻ പ്രഖ്യാപിച്ച പദ്ധതികളിൽ പ്രധാനപ്പെട്ടതാണിത്.
പദ്ധതിയുടെ ഭാഗമായി ദുബൈ മെട്രോ ശൃംഖല ഇരട്ടിയാക്കും. സ്റ്റേഷനുകൾക്ക് ചുറ്റുമുള്ള താമസ, വാണിജ്യ ഇടങ്ങളും വർധിപ്പിക്കും. 2030 ഓടെ മെട്രോ സ്റ്റേഷനുകളുടെ എണ്ണം 96 ലെത്തിക്കും. നിലവിൽ 55 സ്റ്റേഷനുകളാണ് ഉള്ളത്. തൊട്ടടുത്ത പത്തു വർഷത്തിൽ 140 സ്റ്റേഷനുകളാണ് ലക്ഷ്യം.