ഗൾഫ് മാധ്യമം കമോൺ കേരളയ്ക്ക് പ്രൗഢ തുടക്കം
കേരളത്തിലെയും ജിസിസിയിലെയും പ്രമുഖ ബിസിനസ് ഗ്രൂപ്പുകളാണ് പ്രദർശനത്തിന്റെ ഭാഗമാകുന്നത്
ഷാർജ: ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന കമോൺ കേരള മെഗാ എക്‌സിബിഷന് ഷാർജയിൽ പ്രൗഢതുടക്കം. വിവിധ എമിറേറ്റുകളിൽ നിന്നായി ആയിരങ്ങളാണ് ഒന്നാം ദിനം മേളയ്‌ക്കെത്തിയത്. കേരളത്തിലെയും ജിസിസിയിലെയും പ്രമുഖ ബിസിനസ് ഗ്രൂപ്പുകളാണ് പ്രദർശനത്തിന്റെ ഭാഗമാകുന്നത്.
ജിസിസിയിലെ ഏറ്റവും വലിയ ഇന്ത്യൻ മേളയ്ക്കാണ് ഷാർജ വേദിയാകുന്നത്. സംസ്‌കാരവും വിനോദവും വാണിജ്യവും ഒത്തുചേരുന്ന മേളയിൽ പങ്കെടുക്കുന്നത് ഇരുനൂറിലേറെ സ്ഥാപനങ്ങൾ. ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ അബ്ദുല്ല സുൽത്താൻ അൽ ഉവൈസ് പ്രദർശനം ഉദ്ഘാടനം ചെയ്തു. ഷാർജ ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിലാണ് മേള അരങ്ങേറുന്നത്.
പ്രവാസികളുടെ മഹാസംഗമം എന്ന നിലയിലാണ് മേള സവിശേഷമാകുന്നതെന്ന് എക്‌സ്‌പോ സെന്ററിലെത്തിയവർ പറഞ്ഞു. ലിറ്റിൽ ആർടിസ്റ്റ്, കിഡ്‌സ് ഫാഷൻ ഷോ, ഡസർട്ട് മാസ്റ്റർ, ദം ബിരിയാണി തുടങ്ങിയ മത്സരങ്ങൾ ഇന്നരങ്ങേറി. ബോളിവുഡ് ഗായകൻ സൽമാൻ അലി നയിച്ച സംഗീത നിശ മേളയെ ഇളക്കി മറിച്ചു. കോളജ് അലുമ്‌നി ഇംപാക്ട് അവാർഡ് ഫൈനലിസ്റ്റുകളായ പത്ത് പൂർവവിദ്യാർഥി കൂട്ടായ്മകളെ ആദരിച്ചു.
ഷാർജ എക്‌സ്‌പോ സെന്റർ സി.ഇ.ഒ സെയ്ഫ് മുഹമ്മദ് അൽ മിദ്ഫ, ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ ഹംസ അബ്ബാസ്, ആസ്റ്റർ ഡി.എം ചെയർമാൻ ഡോ. ആസാദ് മൂപ്പൻ തുടങ്ങിയവർ സംബന്ധിച്ചു.
രണ്ടാം ദിനമായ ശനിയാഴ്ച തെന്നിന്ത്യൻ സിനിമാ താരം പ്രിയാ മണി മേളയിലെത്തും. കണ്ണൂർ ഷെരീഫ്, അഫ്‌സൽ എന്നിവർ നയിക്കുന്ന സംഗീതനിശയും അരങ്ങേറും.