ഷാർജ എക്‌സലൻസ് അവാർഡ് നേടി ഇന്ത്യൻ വിദ്യാർഥികൾ
ഷാർജ ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി വിജയികളെ ആദരിച്ചു
ഷാർജ: ഷാർജ എക്‌സലൻസ് അവാർഡ് നേടി ഇന്ത്യൻ വിദ്യാർഥികൾ. ഔർ ഓൺ ഇംഗ്ലീഷ് ഹൈസ്‌കൂളിൽ (ആൺകുട്ടികൾ) പഠിക്കുന്ന ആയുഷ് സുപാൽ (ഗ്രേഡ് 5), അദേബ് സിയാൻ സുബീഷ് (ഗ്രേഡ് 7), ആദിത്യ അനുഷ് (ഗ്രേഡ് 11) ആദിത്യ രാജേഷ് (ഗ്രേഡ് 11) എന്നിവരാണ് 30-ാമത് സൈക്കിളിൽ മികച്ച വിദ്യാർഥി വിഭാഗത്തിൽ ഷാർജ എക്‌സലൻസ് അവാർഡ് നേടിയത്.
വയനാട് പനമരം സ്വദേശികളായ സുപാലിന്റെയും നിമിതയുടെയും മകനാണ് ആയുഷ് സുപാൽ. കൊല്ലം കുണ്ടറ സ്വദേശികളായ സുബീഷിന്റെയും ഡോ. രാംസിയുടെയും മകനാണ് അദേബ് സിയാൻ സുബീഷ്. കൊല്ലം പുത്തൂർ സ്വദേശികളായ അനുഷിന്റെയും ആശയുടെയും മകനാണ് ആദിത്യ അനുഷ്. കോഴിക്കോട് വടകര സ്വദേശികളായ രാജേഷിന്റെയും രേഖയുടെയും മകനാണ് ആദിത്യ രാജേഷ്.
ഷാർജ ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി, ഷാർജ അവാർഡ് ഫോർ എഡ്യൂക്കേഷണൽ എക്‌സലൻസ് (SAEE) യുടെ 30-ാമത് പതിപ്പിൽ വിജയികളെ വ്യാഴാഴ്ച ആദരിച്ചു. ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി സംഘടിപ്പിച്ച അവാർഡ് യൂണിവേഴ്‌സിറ്റി സിറ്റി ഹാളിലാണ് നടന്നത്.
വിദ്യാർഥികളുടെ സർഗാത്മക സാധ്യതകൾ കണ്ടെത്താനും ഉപയോഗപ്പെടുത്താനും വിദ്യാഭ്യാസ മേഖലയിലും സമൂഹത്തിലും മികവ്, സർഗാത്മകത, നവീകരണം എന്നിവ പ്രോത്സാഹിപ്പിക്കാനും മെച്ചപ്പെടുത്താനും ഫലപ്രദമായി സംഭാവന നൽകാനും ലക്ഷ്യമിടുന്നതാണ് ഈ അവാർഡ്.