എസ്എസ്എൽസി: ഗൾഫിലെ സ്‌കൂളുകൾക്ക് മികച്ച വിജയം
ഗൾഫിൽ 99.12 ശതമാനം വിജയം
ദുബൈ: എസ്എസ്എൽസി പരീക്ഷയിൽ ഗൾഫിലെ സ്‌കൂളുകൾക്ക് മികച്ച വിജയം. 99.12 ശതമാനമാണ് ഗൾഫിലെ വിജയം. ഗൾഫ് രാജ്യങ്ങളിൽ യുഎഇയിൽ മാത്രമാണ് ഇപ്പോൾ എസ്എസ്എൽസി നിലവിലുള്ളത്.
യുഎഇയിലെ ഏഴ് കേന്ദ്രങ്ങളിൽ പരീക്ഷയെഴുതിയ 684 വിദ്യാർഥികളിൽ 675 പേരും വിജയിച്ചു. 94 പേർ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി. മൂന്ന് സ്‌കൂളുകൾ നൂറമേനി വിജയം കൊയ്തു.
ഏറ്റവും കൂടുതൽ പേരെ പരീക്ഷക്കിരുത്തിയ അബൂദബി മോഡൽ സ്‌കൂളിൽ മുഴുവൻ പേരും വിജയിച്ചു. 189 പേരാണ് ഇവിടെ പരീക്ഷയെഴുതിയത്. 62 വിദ്യാർഥികൾക്ക് മുഴുവൻ വിഷയത്തിലും എപ്ലസുണ്ട്.
ന്യൂ ഇന്ത്യൻ മോഡൽ സ്‌കൂൾ ഷാർജയും ഇന്ത്യൻ സ്‌കൂൾ ഫുജൈറയും നൂറുമേനി വിജയം കൈവരിച്ചു.
ന്യൂ ഇന്ത്യൻ മോഡൽ സ്‌കൂൾ ദുബൈ, ദുബൈ ഗൾഫ് മോഡൽ സ്‌കൂൾ, ന്യൂ ഇന്ത്യൻ ഹൈസ്‌കൂൾ റാസൽഖൈമ, ദി ഇംഗ്‌ളീഷ് സ്‌കൂൾ ഉമ്മുൽഖുവൈൻ, ദി ഇന്ത്യൻ സ്‌കൂൾ ഫുജൈറ എന്നിവയാണ് എസ്എസ്എൽസി പരീക്ഷ നടന്ന മറ്റു കേന്ദ്രങ്ങൾ.