ദുബൈയിൽ ഇന്ത്യ നിർമിക്കുന്ന ഭാരത് മാർട്ട് 2027ൽ പൂർണസജ്ജമാകും
ഇന്ത്യൻ ഉത്പന്നങ്ങൾക്ക് മാത്രമായുള്ള 27 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള കൂറ്റൻ മാർക്കറ്റാണ് ഭാരത് മാർട്ട്
ദുബൈ: ഇന്ത്യ ദുബൈയിൽ നിർമിക്കുന്ന ഭാരത് മാർട്ട് 2027ൽ സമ്പൂർണ സജ്ജമാകുമെന്ന് നിർമാണച്ചുമതലയുള്ള ഡിപി വേൾഡ്. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് മാത്രമായുള്ള 27 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള കൂറ്റൻ മാർക്കറ്റാണ് ഭാരത് മാർട്ട്. ജബൽ അലി ഫ്രീ സോണിലാണ് മാർട്ട് വരുന്നത്.
ജബൽ അലി ഫ്രീസോണിന്റെ നാൽപതാം വാർഷികത്തോട് അനുബന്ധിച്ച് നൽകിയ അഭിമുഖത്തിൽ ഡിപി വേൾഡ് സിഇഒ അബ്ദുല്ല ബിൻ ദാമിഥാനാണ് ഭാരത് മാർട്ടിന്റെ പുരോഗതി സംബന്ധിച്ച വിവരങ്ങൾ പങ്കുവച്ചത്. അടുത്ത വർഷം തന്നെ മാർട്ടിന്റെ ആദ്യഘട്ട പ്രവർത്തനമാരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 1500ലേറെ കമ്പനികളാണ് മാർട്ടിൽ തങ്ങളുടെ ഷോറൂം ആരംഭിക്കുക.
യുഎഇ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ റാഷിദും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്ന് കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് മാർട്ടിന് തറക്കല്ലിട്ടത്. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്റെ ഇന്ത്യാ സന്ദർശന വേളയിൽ പദ്ധതിയുടെ വിർച്വൽ മാതൃക അനാച്ഛാദനം ചെയ്തിരുന്നു. നിർമാണത്തിന് ചുക്കാൻ പിടിക്കുന്ന ഡിപി വേൾഡിന്റെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തിരുന്നു.
ഇന്ത്യയുടെ ഉത്പന്നങ്ങളെല്ലാം ഒരു കുടക്കീഴിൽ ലഭ്യമാകുന്ന കേന്ദ്രമാകും ഭാരത് മാർട്ട്. ഇന്ത്യൻ വ്യാപാര സമൂഹത്തിന് ആഗോള വിപണിയിലേക്ക് വാതിൽ തുറക്കുന്ന കേന്ദ്രം കൂടിയായി ഇതു മാറുമെന്ന് പ്രതീക്ഷിക്കുന്നു. ജബൽ അലി തുറമുഖത്തു നിന്ന് 11 കിലോമീറ്ററും അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് 15 കിലോമീറ്ററും മാത്രമാണ് നിർദിഷ്ട മാർട്ടിലേക്കുള്ള ദൂരം. അതുകൊണ്ടു തന്നെ അന്താരാഷ്ട്ര ലോജിസ്റ്റിക് സേവനങ്ങളുടെ കേന്ദ്രമായി മാറാൻ ഭാരത് മാർട്ടിനാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.
ജിസിസിക്ക് പുറമേ, ആഫ്രിക്ക, യൂറോപ്പ്, യുഎസ് എന്നിവിടങ്ങളിലേക്കുള്ള വ്യാപാരം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യം കൂടി ഭാരത് മാർട്ടിന് പിന്നിലുണ്ട്.