ദുബൈ എയർഷോയിലെ വിമാനാപകടം; ഇന്ത്യയോട് അനുശോചനം അറിയിച്ച് യുഎഇ
ദുബൈ എയർ ഷോയ്ക്കിടെ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകർന്നുവീണ് പൈലറ്റ് മരിച്ചിരുന്നു
ദുബൈ എയർഷോയിലുണ്ടായ വിമാനാപകടത്തിൽ ഇന്ത്യൻ വ്യോമസേന പൈലറ്റ് മരിച്ച സംഭവത്തിൽ ഇന്ത്യയോട് അനുശോചനം അറിയിച്ച് യുഎഇ. ദാരുണ സംഭവത്തിൽ യുഎഇ വിദേശകാര്യ മന്ത്രാലയം പൈലറ്റിന്റെ കുടുംബത്തിനും ഇന്ത്യൻ സർക്കാരിനും ജനങ്ങൾക്കും അനുശോചനം അറിയിച്ചു.
ദുബൈ എയർ ഷോയ്ക്കിടെ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകർന്നുവീണ് പൈലറ്റ് മരിച്ചിരുന്നു. വ്യോമസേനാ വിങ് കമാൻഡർ നമാൻഷ് സ്യാലാണ് മരിച്ചിരുന്നത്. 37കാരനായ ഇദ്ദേഹം ഹിമാചൽ പ്രദേശ് കാംഗ്ര ജില്ലയിലെ പട്യാൽകാഡ് സ്വദേശിയാണ്.
ദുബൈ എയർഷോയിൽ എട്ട് മിനിറ്റ് നീണ്ടുനിന്ന ആകാശ പ്രദർശനത്തിനിടെയായിരുന്നു തേജസ് വിമാനം തകർന്നുവീണത്. കഴിഞ്ഞ ദിവസം പ്രാദേശിക സമയം ഉച്ചക്ക് 2.10നാണ് അഭ്യാസപ്രകടനം ആസ്വദിക്കാൻ തടിച്ചുകൂടിയവരെ നടുക്കി ഇന്ത്യയുടെ തേജസ് യുദ്ധവിമാനം താഴേക്ക് പതിച്ചത്.
വ്യോമസേനയുടെ സൂര്യകിരൺ വിമാനങ്ങൾക്ക് ശേഷം മൂന്നാമതായാണ് തേജസ് വിമാനത്തിന്റെ അഭ്യാസപ്രകടനം നിശ്ചയിച്ചിരുന്നത്. പ്രകടനത്തിനായി ഉയർന്നുപൊങ്ങി ആകാശത്ത് വട്ടമിട്ട പിന്നീട് വിമാനം നിയന്ത്രണംവിട്ട് താഴേക്ക് പതിച്ച് തീഗോളമായി മാറുകയായിരുന്നു.
തേജസ് വിമാനം തകർന്നുവീണതിനെ തുടർന്ന് ദുബൈ എയർഷോയുടെ അവസാനദിവസം നടക്കേണ്ടിയിരുന്ന മറ്റ് പരിപാടികൾ റദ്ദാക്കി. കാണികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. വിമാനം തകർന്നുവീഴാനുള്ള കാരണം സംബന്ധിച്ച് അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്.