500 പ്ലാസ്റ്റിക് കുപ്പികളെ 3D പ്രിൻ്റിങ് ഫിലമെൻ്റാക്കി, ചരിത്രനേട്ടവുമായി ദുബൈ റോച്ചസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി വിദ്യാർഥികൾ
റീം അലി, ശ്രിയ വിജയ്, വിഷ്ണു ഷൈജു, മുഹമ്മദ് ശറഫുദ്ദീൻ എന്നിവർക്കാണ് നേട്ടം
ദുബൈ: ദുബൈയിൽ 500 പ്ലാസ്റ്റിക് കുപ്പികളെ 3D പ്രിൻ്റിങ് ഫിലമെൻ്റാക്കി വിദ്യാർഥികൾ. ദുബൈയിലെ റോച്ചസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥികളായ റീം അലി, ശ്രിയ വിജയ്, വിഷ്ണു ഷൈജു, മുഹമ്മദ് ശറഫുദ്ദീൻ എന്നിവരാണ് ചരിത്രനേട്ടം സ്വന്തമാക്കിയത്. മെക്കാനിക്കൽ ആൻഡ് ഇൻഡസ്ട്രിയൽ എൻജിനീയറിങ് വിഭാഗം മേധാവി ഡോ. വാഇൽ അബ്ദുസ്സമദിൻ്റെ മേൽനോട്ടത്തിലായിരുന്നു ഇവരുടെ ഗവേഷണം. യുഎഇയിലെ ക്ലാസ് റൂമുകളിലും ലാബുകളിലുമെല്ലാം ഇത് നടപ്പിലാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉപയോഗിച്ച വെള്ളക്കുപ്പികളെ 3D പ്രിൻ്റിങിന് അനുയോജ്യമായ ഫിലമെൻ്റായി മാറ്റാൻ വിദ്യാർഥികൾക്ക് കഴിഞ്ഞു. പദ്ധതി പ്ലാസ്റ്റിക് കുപ്പികളുടെ മാലിന്യ പ്രശ്നത്തിന് സുസ്ഥിരമായ പരിഹാരമാണ് മുന്നോട്ടുവെക്കുന്നത്. “മാലിന്യത്തെ അവസരമാക്കി മാറ്റാൻ ഞങ്ങളുടെ വിദ്യാർഥികൾ എൻജിനീയറിങ് രീതികൾ സമർഥമായി ഉപയോഗിക്കുന്നത് എന്നെ ആവേശഭരിതനാക്കുന്നു” എന്ന് ഗവേഷണത്തിന് മേൽനോട്ടം വഹിച്ച ഡോ. സമദ് പറഞ്ഞു.