2020 ലെ അബൂദബി ഇരട്ടക്കൊലപാതകം: പ്രതി ഇന്ത്യയിൽ അറസ്റ്റിൽ

പിടിയിലായത് രണ്ട് ഇന്ത്യക്കാരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാളായ ഷമീം കെ.കെ

Update: 2025-11-21 08:49 GMT

അബൂദബി/ന്യൂഡൽഹി: 2020-ൽ അബൂദബിയിൽ രണ്ട് ഇന്ത്യക്കാരെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ പോയ പ്രതിയെ അറസ്റ്റ് ചെയ്തതായി സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ). ഷമീം കെകെയെന്ന പ്രതിയെ പിടികൂടിയതായി കഴിഞ്ഞ ദിവസമാണ് സിബിഐ അറിയിച്ചത്. ചെന്നൈയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. 2022 മുതൽ പ്രതി ഒളിവിലായിരുന്നു. ഷാബാ ഷെരീഫ് വധക്കേസ് കേരള പൊലീസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് സിബിഐ അന്വേഷണം ഏറ്റെടുക്കുകയും ചെയ്തതിന് ശേഷമാണ് പ്രതി ഒളിവിൽ പോയത്.

Advertising
Advertising

2020 മാർച്ച് 5-ന് അബൂദബിയിലെ ബിസിനസ് കൺസൾട്ടന്റായ ഹാരിസ് തത്തമ്മ പറമ്പിലിനെയും ഡെൻസി ആന്റണിയെയും യുഎഇ തലസ്ഥാനത്തെ ഒരു ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ആദ്യ ഘട്ടത്തിൽ മരണങ്ങൾ ആത്മഹത്യയാണെന്നാണ് കരുതിയിരുന്നത്. എന്നാൽ അസൂയയും ബിസിനസിലുള്ള വൈരാഗ്യവും മൂലം ഹാരിസിന്റെ കൂട്ടാളിയായ ഷൈബിൻ അഷ്റഫ് ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകങ്ങളാണ് ഇവയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പിന്നീട് കണ്ടെത്തുകയായിരുന്നു. ഷൈബിൻ കൂട്ടാളികളെ ഗൾഫിലേക്ക് അയച്ചതായും അവരുടെ ചെലവുകൾ വഹിച്ചതായും സിബിഐ പറഞ്ഞു. ഹാരിസിന്റെ സമ്പാദ്യം കയ്യിലാക്കാനായിരുന്നു കൊലപാതകങ്ങൾ ആസൂത്രണം ചെയ്തതെന്നും ചൂണ്ടിക്കാട്ടി.

ഷൈബിൻ അഷ്റഫിനും ഷമീം കെ.കെ ഉൾപ്പെടെ ഏഴ് പേർക്കുമെതിരെ 2024 ഒക്ടോബർ 10 ന് ഇന്ത്യയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. കേസിന്റെ ചില കാര്യങ്ങളുടെ അന്വേഷണം ലോക്കൽ പൊലീസിൽ നിന്ന് ഏറ്റെടുക്കാൻ സിബിഐയോട് കേരള ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. കാണാതായ പ്രതികളെ കണ്ടെത്താൻ ലുക്ക് ഔട്ട് സർക്കുലർ (എൽഒസി) പുറപ്പെടുവിച്ചിരുന്നു. ഷമീമിന്റെ അറസ്‌റ്റോടെ തുടർ നടപടികൾ പുരോഗമിക്കുകയാണെന്ന് സിബിഐ അറിയിച്ചു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News