ഉംറ വിസക്കാർ നാളെ അർദ്ധരാത്രിക്ക് മുമ്പ് സൗദിയിൽ നിന്ന് മടങ്ങണം; ലംഘിച്ചാൽ 50,000 റിയാൽ പിഴ
ഹജ്ജ് സീസൺ അവസാനിച്ചതിന് ശേഷം മാത്രമേ ഉംറ വിസ അനുവദിക്കുകയുള്ളൂ എന്നും അധികൃതർ അറിയിച്ചു
ജിദ്ദ: ഉംറ തീർത്ഥാടനത്തിനായി സൗദി അറേബ്യയിലെത്തിയ വിദേശ തീർത്ഥാടകർ നാളെ അർദ്ധരാത്രിക്ക് മുമ്പായി രാജ്യം വിടണമെന്ന് അധികൃതർ അറിയിച്ചു. ഇത് നേരത്തെ അനുവദിച്ച ഉംറ വിസകളിൽ വ്യക്തമാക്കിയതാണ്. ഈ സമയപരിധി ലംഘിച്ച് സൗദിയിൽ തുടരുന്നവർക്ക് 50,000 റിയാൽ പിഴയും ആറ് മാസം വരെ തടവും നാടുകടത്തലും ഉൾപ്പെടെയുള്ള കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരും. ഇനി ഹജ്ജ് സീസൺ അവസാനിച്ചതിന് ശേഷം മാത്രമേ ഉംറ വിസ അനുവദിക്കുകയുള്ളൂ എന്നും അധികൃതർ അറിയിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകർ നാളെ മുതൽ സൗദിയിലേക്ക് എത്തിച്ചേരാൻ തുടങ്ങുന്നതിന്റെ ഭാഗമായാണ് ഈ നിയന്ത്രണം. ഇതിന്റെ ഭാഗമായി മക്കയിലേക്കുള്ള പ്രവേശനത്തിലും കർശന നിയന്ത്രണങ്ങളുണ്ടാകും. നാളെ മുതൽ ഹജ്ജ് പെർമിറ്റോ അല്ലെങ്കിൽ മക്ക എൻട്രി പെർമിറ്റോ ഇല്ലാത്ത വ്യക്തികൾക്ക് മക്കയിൽ താമസിക്കാൻ അനുവാദമില്ല. നിയമം ലംഘിച്ച് ഇത്തരക്കാരെ താമസിപ്പിക്കുന്ന ഹോട്ടലുകൾ, അപ്പാർട്ട്മെന്റുകൾ, വ്യക്തികൾ എന്നിവർക്കെതിരെയും കടുത്ത നടപടികൾ സ്വീകരിക്കും. ഇതുമായി ബന്ധപ്പെട്ട് ടൂറിസം മന്ത്രാലയം സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. ഹജ്ജ് കർമ്മങ്ങൾ അവസാനിക്കുന്ന ജൂൺ 11 വരെ ഈ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.