Writer - razinabdulazeez
razinab@321
ജിദ്ദ: ഹജ്ജിന് മുന്നോടിയായി നിയന്ത്രണം കർശനമാക്കിയതോടെ തിരക്കൊഴിഞ്ഞ് മക്ക ഹറം. നിലവിൽ പെർമിറ്റുള്ളവർക്ക് മാത്രമാണ് മക്കയിലേക്ക് പ്രവേശനം. ഉംറ തീർത്ഥാടകർക്ക് തിരിച്ചു പോകാനുള്ള സമയം മറ്റന്നാൾ അവസാനിക്കും. ഈ വർഷത്തെ ആദ്യ ഹജ്ജ് സംഘം ചൊവ്വാഴ്ചയെത്തുന്നതോടെ ഹറം വീണ്ടും തിരക്കിലേക്ക് നീങ്ങും.
സൗദിയിലുള്ളവർക്ക് പോലും പെർമിറ്റില്ലാതെ നിലവിൽ മക്കയിലേക്ക് പ്രവേശനമില്ല. വിദേശത്ത് നിന്നെത്തിയ ഉംറ തീർത്ഥാടകർ ചൊവ്വാഴ്ചയോടെ രാജ്യത്തു നിന്ന് തിരിച്ചു പോകും. ഏപ്രിൽ 29 മുതൽ സന്ദർശക വിസയിലുള്ളവർക്കും ഉംറ വിസയിലുള്ളവർക്കും മക്കയിൽ താമസിക്കാനാവില്ല. ആഭ്യന്തര ഉംറ പെർമിറ്റ് മറ്റന്നാൾ മുതൽ ഹജ്ജ് തീരുന്ന ജൂൺ 11 വരെ നിർത്തിവെക്കും. ചൊവ്വാഴ്ചയാണ് ആദ്യ സംഘം ഹാജിമാർ മദീനയിലെത്തുക. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള ഹാജിമാരും ഇതോടൊപ്പം എത്തും. ഇതോടെ മക്കയും മദീനയും വിശ്വാസികളാൽ നിറയും.