ദമ്മാമിൽ മരിച്ച രണ്ട് മലയാളികളുടെ മൃതദേഹം ഇന്ന് ഖബറടക്കും
കോഴിക്കോട് പുതിയ പന്തക്കലകത്ത് അബ്ദുൽ റസാഖ്, കണ്ണൂർ ചെക്കിക്കുളം മുണ്ടേരി സ്വദേശി അബ്ബാസ് എന്നിവരുടെ മൃതദേഹമാണ് ഇന്ന് ഖബറടക്കുക
ദമ്മാം: ദമ്മാമിൽ കഴിഞ്ഞ ദിവസം മരിച്ച പ്രവാസി മലയാളികളായ കോഴിക്കോട് പുതിയ പന്തക്കലകത്ത് അബ്ദുൽ റസാഖ്, കണ്ണൂർ ചെക്കിക്കുളം മുണ്ടേരി സ്വദേശി അബ്ബാസ് എന്നിവരുടെ മൃതദേഹം ഇന്ന് ഖബറടക്കും. അൽ കോബാർ ഇസ്‌കാൻ പാർക്കിലെ കിങ് ഫഹദ് ഗ്രാന്റ് മസ്ജിദിൽ മഗ്‌രിബ് നമസ്‌ക്കാരനന്തരം ജനാസ നമസ്‌കാരം നടക്കം. ശേഷം തുക്ബ ഖബർസ്ഥാനിലായിരിക്കും മറവ് ചെയ്യുക. മയ്യിത്ത് കാണാൻ ആഗ്രഹിക്കുന്നവർ വൈകിട്ട് അഞ്ച് മണിക്ക് കിങ് ഫഹദ് ഗ്രാന്റ് മസ്ജിദിലെണമെന്ന് ബന്ധുക്കളും സാമൂഹിക പ്രവർത്തകരും അറിയിച്ചു.
നിർമാണം നടന്ന് കൊണ്ടിരിക്കുന്ന കെട്ടിടത്തിൽ നിന്ന് അബദ്ധത്തിൽ വഴുതി വീണാണ് കോഴിക്കോട് പുതിയ പന്തക്കലകത്ത് അബ്ദുൽ റസാഖ് മരിച്ചത്. ദമ്മാമിലെ താമസ സ്ഥലത്ത് ഹൃദയാഘാതത്തെ തുടർന്ന് ഉറക്കത്തിലാണ് കണ്ണൂർ ചെക്കിക്കുളം സ്വദേശി അബ്ബാസ് മരിച്ചത്. ഇരുവരുടേയും മൃതദേഹങ്ങൾ മറവ് ചെയ്യുന്നതിനുള്ള നിയമ നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിന് ലോക കേരള സഭാംഗവും സാമൂഹിക പ്രവർത്തകനുമായ നാസ് വക്കം നേതൃത്വം നൽകി.