ഹജ്ജ് തീർത്ഥാടകർക്കുള്ള നുസുഖ് കാർഡ് വിതരണം തുടങ്ങി; ഉംറ വിസ കാലാവധി ചൊവ്വാഴ്ച അവസാനിക്കും

വിദേശ തീർത്ഥാടകർക്ക് സൗദിയിൽ എത്തിയ ശേഷം അവരുടെ ഹജ്ജ് സർവീസ് കമ്പനികൾ വഴിയാണ് നുസുഖ് കാർഡ് വിതരണം ചെയ്യുന്നത്

Update: 2025-04-26 16:54 GMT
Editor : Thameem CP | By : Web Desk
Advertising

മക്ക: ഹജ്ജ് കർമ്മത്തിന് എത്തുന്ന തീർത്ഥാടകർക്കുള്ള തിരിച്ചറിയൽ രേഖയായ നുസുഖ് കാർഡിന്റെ വിതരണം സൗദി അറേബ്യയിൽ ആരംഭിച്ചു. തീർത്ഥാടകരുടെ വ്യക്തിഗത വിവരങ്ങൾ, താമസസ്ഥലം എന്നിവ ഉൾക്കൊള്ളുന്നതാണ് ഈ കാർഡ്. ഹജ്ജ് പ്രദേശങ്ങളിലേക്കുള്ള പ്രവേശനത്തിന് ഇത് നിർബന്ധമാണെന്ന് അധികൃതർ അറിയിച്ചു.

തീർത്ഥാടകരുടെ പേര്, ഹജ്ജ് സർവീസ് കമ്പനിയുടെ വിവരങ്ങൾ, മക്കയിലെയും മദീനയിലെയും താമസ വിലാസം എന്നിവയെല്ലാം കാർഡിൽ ഉണ്ടാകും. സുരക്ഷാ ഉദ്യോഗസ്ഥർക്ക് തീർത്ഥാടകരെ എളുപ്പത്തിൽ തിരിച്ചറിയാനും സുരക്ഷ ഉറപ്പാക്കാനും ഈ കാർഡ് സഹായകമാകും. ഡ്യൂപ്ലിക്കേഷൻ തടയുന്നതിനായി ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് കാർഡുകൾ നിർമ്മിക്കുന്നത്. ഇതിനായി സൗദിയിൽ പ്രത്യേക ഫാക്ടറികൾ സജ്ജീകരിച്ചിട്ടുണ്ട്.

വിദേശ തീർത്ഥാടകർക്ക് സൗദിയിൽ എത്തിയ ശേഷം അവരുടെ ഹജ്ജ് സർവീസ് കമ്പനികൾ വഴിയാണ് നുസുഖ് കാർഡ് വിതരണം ചെയ്യുന്നത്. ആഭ്യന്തര തീർത്ഥാടകർക്ക് ഹജ്ജ് സീസൺ ആരംഭിക്കുന്നതിന് മുമ്പായി തന്നെ സേവന കമ്പനികൾ വഴി കാർഡ് ലഭ്യമാക്കും. ഇതുവരെ ഏകദേശം ഒന്നര ലക്ഷത്തോളം നുസുഖ് കാർഡുകൾ വിതരണം ചെയ്തതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.

അതേസമയം, ഹജ്ജ് തീർത്ഥാടകർ എത്തിച്ചേരുന്നതിന് മുന്നോടിയായി മക്കയിൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഉംറ വിസയിൽ എത്തിയവർക്ക് സൗദി അറേബ്യയിൽ തങ്ങാനുള്ള അവസാന തീയതി അടുത്ത ചൊവ്വാഴ്ചയാണ്. നിശ്ചിത സമയപരിധിക്കുള്ളിൽ രാജ്യം വിട്ടുപോകാത്തവർക്ക് 50,000 റിയാൽ പിഴയും തടവും ഉൾപ്പെടെയുള്ള ശിക്ഷകൾ ഉണ്ടാകുമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തീർത്ഥാടകരുടെ സുരക്ഷയും സേവനങ്ങളും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News