പരിശോധനകളിൽ സുതാര്യത ഉറപ്പാക്കാൻ റിയാദ് നഗരസഭ; ഇൻസ്‌പെക്ടർമാർക്ക് ബോഡി ക്യാമറകൾ നിർബന്ധമാക്കുന്നു
പരീക്ഷണ കാലയളവിൽ അറുനൂറിലധികം പരിശോധനകൾ ബോഡി ക്യാമറകൾ ഉപയോഗിച്ച് വിജയകരമായി ചിത്രീകരിച്ചിരുന്നു
റിയാദ്: നഗരത്തിലെ വാണിജ്യ സ്ഥാപനങ്ങളിൽ നടക്കുന്ന പരിശോധനകളിൽ സുതാര്യതയും കൃത്യതയും ഉറപ്പാക്കാൻ നിർണായക നീക്കവുമായി റിയാദ് നഗരസഭ. ഫീൽഡ് ഇൻസ്‌പെക്ടർമാർ ഇനി മുതൽ ബോഡി ക്യാമറകൾ ധരിച്ച് മാത്രമേ പരിശോധനകൾ നടത്തൂ. നഗരസഭാ ചട്ടങ്ങൾ കൂടുതൽ കർശനമായി നടപ്പിലാക്കാനും പരിശോധനകളുടെ നിലവാരം ഉയർത്താനുമാണ് ഈ നടപടി. മൂന്നാഴ്ച നീണ്ടുനിന്ന പരീക്ഷണ ഘട്ടം വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് പദ്ധതി നഗരത്തിലുടനീളം വ്യാപിപ്പിക്കുന്നത്. പരീക്ഷണ കാലയളവിൽ അറുനൂറിലധികം പരിശോധനകൾ ബോഡി ക്യാമറകൾ ഉപയോഗിച്ച് വിജയകരമായി ചിത്രീകരിച്ചിരുന്നു. ഇതിൽ നിന്നുള്ള മികച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് പദ്ധതി മുഴുവൻ പരിശോധനകളിലേക്കും കൊണ്ടുവരാൻ നഗരസഭ തീരുമാനിച്ചത്.
ഓരോ പരിശോധനാ സന്ദർശനത്തിന്റെയും പൂർണമായ വിവരങ്ങൾ ഈ ക്യാമറകൾ ഒപ്പിയെടുക്കും. ഇത് ഫീൽഡ് തല നടപടികളിൽ കൂടുതൽ വിശ്വാസ്യത നൽകും. ഇൻസ്‌പെക്ടർമാർ, വ്യാപാരികൾ, ജീവനക്കാർ, ഉപഭോക്താക്കൾ എന്നിവരുടെ അവകാശങ്ങൾ പൂർണമായും സംരക്ഷിക്കാൻ ഈ ഡിജിറ്റൽ രേഖകൾ സഹായിക്കും. പരിശോധനക്കിടെ രേഖപ്പെടുത്തുന്ന കണ്ടെത്തലുകൾ, പരാതികൾ, നടപടികൾ എന്നിവ പിന്നീട് പുനഃപരിശോധിക്കാനും ഇത് ഔദ്യോഗിക തെളിവായി മാറും. ഫീൽഡ് പരിശോധനകളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനായി ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പദ്ധതി.