നിതാഖാത്: സൗദി ജീവനക്കാരുടെ ശമ്പള പരിധി ആറായിരം റിയാലായി ഉയർത്തി
ആറു മാസത്തിനകം അയ്യായിരവും ഒരു വർഷത്തിനകം ആറായിരം റിയാലുമാക്കിയാണ് ഉയർത്തേണ്ടത്
ജിദ്ദ: സൗദിയിൽ നിതാഖാത് പ്രകാരം സൗദി ജീവനക്കാരുടെ ശമ്പള പരിധി ആറായിരം റിയാലായി ഉയർത്തി. ആറു മാസത്തിനകം അയ്യായിരവും ഒരു വർഷത്തിനകം ആറായിരം റിയാലുമാക്കിയാണ് ഉയർത്തേണ്ടത്. പ്രവാസികളടക്കം സ്ഥാപനങ്ങൾ നടത്തുന്നവർക്ക് പുതിയ തീരുമാനത്തിലൂടെ അധിക സാമ്പത്തിക ബാധ്യത വരും.
നിലവിൽ നിതാഖാത് പദ്ധതിയിൽ സൗദി ജീവനക്കാരന് കുറഞ്ഞത് 4,000 റിയാൽ ശമ്പളം വേണം. പുതിയ തീരുമാനപ്രകാരം ഈ പരിധി ആറ് മാസത്തിനുള്ളിൽ 5,000 റിയാലായി ഉയർത്തും. തുടർന്ന് 12 മാസത്തിന് ശേഷം 6,000 റിയാലായി വർധിപ്പിക്കാനുമാണ് തീരുമാനം.
നിതാഖാതിൽ സൗദി ജീവനക്കാരനെ പൂർണമായി കണക്കാക്കുന്നതിനുള്ള ശമ്പള പരിധിയിലാണ് മാറ്റം. ചുരുക്കത്തിൽ സ്ഥാപനങ്ങൾ നടത്തുന്നവർക്ക് സ്റ്റാറ്റസ് ശരിയാകാൻ പദ്ധതി നടപ്പാക്കേണ്ടി വരും. ഇതോടെ പ്രവാസികളടക്കം സ്ഥാപനങ്ങൾ നടത്തുന്നവർക്ക് തീരുമാനം അധിക സാമ്പത്തിക ബാധ്യത വരുത്തും.
സ്വകാര്യ മേഖലയിൽ സൗദി പൗരന്മാർക്ക് മികച്ച ശമ്പളം ഉറപ്പാക്കാനും തൊഴിൽ സ്ഥിരത വർധിപ്പിക്കാനുമാണ് നടപടി. യുദ്ധ പശ്ചാത്തലം നിലനിൽക്കേയാണ് തീരുമാനമെന്നതും ശ്രദ്ധേയമാണ്. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നിർദേശത്തെ തുടർന്നാണ് സൽമാൻ രാജാവ് പുതിയ തീരുമാനത്തിന് അംഗീകാരം നൽകിയത്.