യുദ്ധം വഴിമുടക്കിയാലും എണ്ണയെത്തും; ഇന്ധന സംഭരരണത്തിന് പുതിയ തട്ടകമൊരുക്കി സൗദി

ജപ്പാനിലും സൗത്ത് കൊറിയയിലും അരാംകോക്ക് സമാനമായ സംഭരണ കേന്ദ്രങ്ങളുണ്ട്

Update: 2026-10-26 10:24 GMT

സിംഗപ്പൂർ/റിയാദ്: ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള ഇന്ധന വിതരണം കൂടുതൽ സുരക്ഷിതമാക്കാൻ വൻ പദ്ധതിയുമായി സൗദി അറേബ്യ. സിംഗപ്പൂരിലെ ജൂറോങ് ദ്വീപിലെ ഭൂഗർഭ അറകളിൽ സൗദിയിൽ നിന്നുള്ള ക്രൂഡ് ഓയിൽ വൻതോതിൽ സംഭരിക്കാൻ ഇരു രാജ്യങ്ങളും ധാരണയായി. 2027ന്റെ രണ്ടാം പകുതിയോടെ പദ്ധതി പൂർണതോതിൽ നടപ്പിലാക്കാനാണ് തീരുമാനം. സിംഗപ്പൂരിൽ നടന്ന ഇന്റർനാഷണൽ എനർജി വീക്ക് സമ്മേളനത്തിലാണ് ഇരു രാജ്യങ്ങളിലെയും ഊർജ മന്ത്രിമാർ ഈ പ്രഖ്യാപനം നടത്തിയത്. ഏഷ്യയിലേക്കുള്ള ഇന്ധന നീക്കത്തിൽ വഴിത്തിരിവാകുന്നതാണ് ഈ പുതിയ നീക്കം. സൗദി അരാംകോയും സിംഗപ്പൂർ എനർജി മാർക്കറ്റ് അതോറിറ്റിയും ജെടിസി കോർപ്പറേഷനും ചേർന്ന് ഇതുസംബന്ധിച്ച പ്രാഥമിക ധാരണാപത്രത്തിൽ ഒപ്പുവെച്ചു. വരും മാസങ്ങളിൽ കരാറിന്റെ അന്തിമ ചർച്ചകൾ പൂർത്തിയാകും. തെക്കുകിഴക്കൻ ഏഷ്യയിൽ എണ്ണ വിതരണ ശൃംഖലയെ കൂടുതൽ സജീവമാക്കാൻ ഈ നടപടി സഹായിക്കുമെന്ന് സിംഗപ്പൂർ ഊർജ മന്ത്രി താൻ സീ ലെങ് വ്യക്തമാക്കി.

Advertising
Advertising

പശ്ചിമേഷ്യൻ സംഘർഷങ്ങളും ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത തടസ്സങ്ങളും ഏഷ്യയിലേക്കുള്ള എണ്ണ നീക്കത്തെ കാര്യമായി ബാധിച്ചിരുന്നു. യുദ്ധത്തിന് മുൻപ് ഏഷ്യൻ രാജ്യങ്ങൾ തങ്ങളുടെ ആവശ്യത്തിനുള്ള എണ്ണയുടെ മൂന്നിൽ രണ്ട് ഭാഗവും പശ്ചിമേഷ്യയിൽ നിന്നാണ് ഇറക്കുമതി ചെയ്തിരുന്നത്. എന്നാൽ തുടർച്ചയായ ആഗോള തടസ്സങ്ങൾ കാരണം പല രാജ്യങ്ങൾക്കും തങ്ങളുടെ കരുതൽ ശേഖരം വലിയ തോതിൽ ഉപയോഗിക്കേണ്ടി വന്നു. പ്രധാന ഏഷ്യൻ വിപണികൾക്ക് തൊട്ടടുത്ത് തന്നെ ഇന്ധന ശേഖരം ഒരുക്കുന്നത് വിതരണത്തിലെ അനിശ്ചിതത്വം കുറയ്ക്കുമെന്ന് സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ ചൂണ്ടിക്കാട്ടി. വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം സമ്മേളനത്തെ അഭിസംബോധന ചെയ്തത്. പ്രതിസന്ധി ഘട്ടങ്ങളിൽ സിംഗപ്പൂരിന് ആവശ്യമായ ഇന്ധന ലഭ്യത ഉറപ്പാക്കാൻ ഈ സംഭരണ കേന്ദ്രം വലിയ പിന്തുണ നൽകും. വിപണിയിലെ വിലക്കയറ്റവും അനിശ്ചിതത്വവും ഒഴിവാക്കാൻ നേരിട്ടുള്ള വിതരണ സംവിധാനം വഴി സാധിക്കും.

സിംഗപ്പൂർ ഇന്റർനാഷണൽ എനർജി വീക്കിൽ സൗദി അരാംകോ, എനർജി മാർക്കറ്റ് അതോറിറ്റി, ജെടിസി കോർപ്പറേഷൻ എന്നിവർ ധാരണാപത്രം കൈമാറുന്നു

 ഭൂഗർഭ എണ്ണ സംഭരണ രംഗത്ത് ലോകത്തെ തന്നെ ശ്രദ്ധേയമായ എഞ്ചിനീയറിങ് വിസ്മയങ്ങളിലൊന്നാണ് ജൂറോങ് ദ്വീപിലെ ഭൂഗർഭ അറകൾ. ഭൂമിക്കടിയിൽ ഏകദേശം 150 മീറ്റർ താഴ്ചയിലാണ് ഈ കൂറ്റൻ പാറ ഗുഹകൾ സ്ഥിതി ചെയ്യുന്നത്. ക്രൂഡ് ഓയിലും കണ്ടൻസേറ്റും ഉൾപ്പെടെയുള്ള ദ്രാവക ഹൈഡ്രോകാർബണുകൾ 14.7 ലക്ഷം ക്യുബിക് മീറ്റർ വരെ ഇവിടെ സുരക്ഷിതമായി സൂക്ഷിക്കാൻ ശേഷിയുണ്ട്. ഇത് ഏകദേശം 90 ലക്ഷം ബാരൽ ഇന്ധനത്തിന് തുല്യമാണ്. കടൽക്ഷോഭമോ കാലാവസ്ഥാ വ്യതിയാനങ്ങളോ ബാധിക്കാത്ത വിധം അതീവ സുരക്ഷിതമായാണ് ഈ ഭൂഗർഭ നിലവറകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഏഷ്യൻ സമുദ്ര വ്യാപാര പാതയുടെ കേന്ദ്രബിന്ദുവായ സിംഗപ്പൂരിൽ ഇത്തരമൊരു സൗകര്യം ലഭിക്കുന്നത് സൗദി അരാംകോക്ക് വിതരണ ശൃംഖലയെ ഏകോപിപ്പിക്കാൻ വലിയ കരുത്താകും. വൻകിട ടാങ്കറുകൾക്ക് എളുപ്പത്തിൽ എത്തിച്ചേരാനും വേഗത്തിൽ എണ്ണ കൈമാറ്റം ചെയ്യാനും ഇവിടെ മികച്ച അടിസ്ഥാന സൗകര്യങ്ങൾ നിലവിലുണ്ട്.

ഏഷ്യയിലെ തങ്ങളുടെ വിപണി വിഹിതം ഉറപ്പാക്കാനും വിതരണ ശൃംഖല കൂടുതൽ വേഗത്തിലാക്കാനും സൗദി അരാംകോ സമാനമായ സംഭരണ കരാറുകൾ നേരത്തെ തന്നെ മറ്റ് രാജ്യങ്ങളിൽ നടപ്പിലാക്കിയിട്ടുണ്ട്. ജപ്പാനിലെ ഒകിനാവ ദ്വീപിലുള്ള കേന്ദ്രത്തിൽ ക്രൂഡ് ഓയിൽ സംഭരിക്കാൻ ജപ്പാൻ ഓയിൽ, ഗ്യാസ് ആൻഡ് മെറ്റൽസ് നാഷണൽ കോർപ്പറേഷനുമായി അരാംകോയ്ക്ക് കരാറുണ്ട്. 2017 സെപ്റ്റംബറിൽ ഒകിനാവയിലെ ഈ സംഭരണ ശേഷി 82 ലക്ഷം ബാരലായി വിപുലീകരിച്ചിരുന്നു. ഇതിന് പുറമെ 2023ൽ കൊറിയ നാഷണൽ ഓയിൽ കോർപ്പറേഷനുമായി അരാംകോ അഞ്ചുവർഷത്തെ സുപ്രധാന കരാറിൽ ഒപ്പുവെച്ചു. ദക്ഷിണ കൊറിയയിലെ ഉൽസാൻ തുറമുഖത്തുള്ള റിസർവ് കേന്ദ്രങ്ങളിൽ 53 ലക്ഷം ബാരൽ എണ്ണ സൂക്ഷിക്കാനാണ് ഈ കരാറിലൂടെ സൗദിക്ക് അനുമതി ലഭിച്ചത്. അടിയന്തര പ്രതിസന്ധികൾ ഉണ്ടായാൽ ഈ ടാങ്കുകളിലെ എണ്ണ മുൻഗണനാടിസ്ഥാനത്തിൽ സ്വന്തം ആവശ്യങ്ങൾക്കായി വാങ്ങാൻ ജപ്പാനും കൊറിയയ്ക്കും വ്യവസ്ഥാപിത അവകാശമുണ്ട്. ചൈനയും ജപ്പാനും ദക്ഷിണ കൊറിയയും വലിയ തോതിലുള്ള എണ്ണ ശേഖരം ഇതിനകം നിർമിച്ചിട്ടുണ്ട്. എന്നാൽ മറ്റ് പല ഏഷ്യൻ രാജ്യങ്ങൾക്കും വിതരണ തടസ്സങ്ങൾ ഉണ്ടായാൽ താങ്ങാൻ ആവശ്യമായ കരുതൽ ശേഖരമില്ല. ഈ സാഹചര്യത്തിലാണ് സിംഗപ്പൂർ കേന്ദ്രീകരിച്ച് സൗദി നടത്തുന്ന പുതിയ നീക്കം മേഖലയുടെ ഊർജ്ജ ഭദ്രതയ്ക്ക് നിർണായക തുണയാകുന്നത്.

പരമ്പരാഗത ക്രൂഡ് ഓയിൽ കയറ്റുമതിക്കപ്പുറം ആഗോള ഡൗൺസ്ട്രീം, റിഫൈനിംഗ്, പെട്രോകെമിക്കൽസ്, എൽഎൻജി മേഖലകളിൽ സാന്നിധ്യം വിപുലീകരിക്കുകയാണ് സൗദി അരാംകോ. ചൈനയിലെ പ്രമുഖ പെട്രോകെമിക്കൽ കമ്പനികളുമായി സഹകരണ കരാറുകളിലും നിർദിഷ്ട ഓഹരി നിക്ഷേപവുമായി ബന്ധപ്പെട്ട ചർച്ചകളിലും അരാംകോ ഏർപ്പെട്ടിട്ടുണ്ട്. ഏഷ്യൻ വിപണിയിൽ ക്രൂഡ് ഓയിലിനെ ഉയർന്ന മൂല്യമുള്ള രാസ ഉൽപ്പന്നങ്ങളാക്കി മാറ്റാനുള്ള പദ്ധതികൾക്കും കമ്പനി പ്രാധാന്യം നൽകുന്നു. സൗദി അറേബ്യയിലെ യാൻബുവിലുള്ള യാസ്രെഫ് റിഫൈനറി സമുച്ചയത്തിൽ വൻ പെട്രോകെമിക്കൽ വികസനം നടപ്പാക്കാനുള്ള നടപടികളും ഇതിന്റെ ഭാഗമാണ്.

അന്താരാഷ്ട്ര വാതക വിപണിയിലും അരാംകോ സാന്നിധ്യം ശക്തമാക്കുകയാണ്. ഓസ്ട്രേലിയയിലെ എൽഎൻജി പദ്ധതികളിൽ ഓഹരികൾ സ്വന്തമാക്കാൻ നീക്കം നടത്തിയ മിഡ് ഓഷ്യൻ എനർജിയിൽ കമ്പനി നിക്ഷേപം നടത്തിയിട്ടുണ്ട്. അമേരിക്കയിലെ എൽഎൻജി പദ്ധതികളിൽനിന്ന് ദീർഘകാലാടിസ്ഥാനത്തിൽ വാതകം വാങ്ങുന്നതിനും അരാംകോ കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ട്. ഇത്തരം പദ്ധതികളിൽ ഓഹരി പങ്കാളിത്തം നേടുന്നതിനുള്ള ധാരണകളിലും കമ്പനി എത്തിയിട്ടുണ്ട്. ക്രൂഡ് ഓയിൽ വിപണിക്കപ്പുറം ആഗോള പ്രകൃതിവാതക വ്യാപാരത്തിലും പ്രധാന പങ്കാളിയാകാനുള്ള അരാംകോയുടെ തന്ത്രമാണ് ഈ നീക്കങ്ങൾ വ്യക്തമാക്കുന്നത്.

കുറഞ്ഞ കാർബൺ ഊർജ സാങ്കേതികവിദ്യകളിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. 2020-ൽ ജപ്പാനിലേക്ക് ബ്ലൂ അമോണിയ കയറ്റുമതി നടത്തിയ അരാംകോ, ഈ രംഗത്തെ ആദ്യകാല പരീക്ഷണങ്ങളിൽ പങ്കാളിയായി. 2022-ൽ ദക്ഷിണ കൊറിയയിലേക്ക് 25,000 ടൺ സർട്ടിഫൈഡ് ബ്ലൂ അമോണിയയുടെ വാണിജ്യ കയറ്റുമതിയിലും കമ്പനി പങ്കാളിയായി.കാർബൺ ക്യാപ്ചർ, യൂട്ടിലൈസേഷൻ ആൻഡ് സ്റ്റോറേജ് സാങ്കേതികവിദ്യകളിലും അരാംകോ നിക്ഷേപം നടത്തുന്നു. സൗരോർജ പദ്ധതികളിലൂടെയും ഊർജ മേഖലയിലെ മാറ്റങ്ങളോട് പൊരുത്തപ്പെടാനുള്ള ശ്രമങ്ങൾ കമ്പനി തുടരുകയാണ്.

എന്നാൽ ഇതുകൊണ്ട് അരാംകോ പരമ്പരാഗത എണ്ണ-വാതക ബിസിനസിൽനിന്ന് പൂർണമായി മാറുകയാണെന്ന് അർഥമില്ല. എണ്ണ, വാതകം, റിഫൈനിംഗ്, പെട്രോകെമിക്കൽസ്, എൽഎൻജി, കുറഞ്ഞ കാർബൺ സാങ്കേതികവിദ്യകൾ എന്നിവയെ ഒരുമിപ്പിച്ചുകൊണ്ട് കൂടുതൽ വൈവിധ്യമാർന്ന ആഗോള കമ്പനിയായി വളരുക എന്നതാണ് അരാംകോയുടെ തന്ത്രം.

Tags:    

Writer - തമീം സിപി

Web Journalist

Editor - തമീം സിപി

Web Journalist

By - തമീം സിപി

Web Journalist

Similar News