ഹൂതി ആക്രമണത്തിന് കനത്ത തിരിച്ചടി; യമനിലെ മിസൈൽ താവളങ്ങൾ തകർത്ത് സഖ്യസേന

ഇതിൽ റിയാദിനെ ആക്രമിക്കാൻ ഹൂതികൾ ഉപയോഗിച്ച ലോഞ്ചറും ഉൾപ്പെടുന്നുണ്ട്

Update: 2026-10-26 04:43 GMT

റിയാദ്: റിയാദിനെ ലക്ഷ്യമിട്ട് ഹൂതികൾ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ വിജയകരമായി തകർത്തതിന് പിന്നാലെ യമൻ തലസ്ഥാനമായ സന്ആയിൽ ശക്തമായ പ്രത്യാക്രമണം നടത്തി സഖ്യസേന. ഹൂതികളുടെ മിസൈൽ വിക്ഷേപണ ലോഞ്ചുകളും സംഭരണ കേന്ദ്രങ്ങളും ലക്ഷ്യമിട്ടാണ് സംയുക്ത സേന വ്യോമാക്രമണം അഴിച്ചുവിട്ടത്. സ്വന്തം രാജ്യത്തിന്റെ പരമാധികാരവും പൗരന്മാരുടെയും വിദേശികളുടെയും സുരക്ഷയും ഉറപ്പാക്കാനുള്ള നിയമപരമായ അവകാശം മുൻനിർത്തിയാണ് നീക്കമെന്ന് സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി വാർത്താക്കുറിപ്പിൽ അറിയിച്ചു.

മിസൈലുകൾ സൂക്ഷിച്ചിരുന്ന അഞ്ച് തുരങ്കങ്ങളും നാല് ബാലിസ്റ്റിക് മിസൈൽ ലോഞ്ചറുകളും ഒരു പ്രധാന മിസൈൽ ഡിപ്പോയും തകർത്തതായി മേജർ ജനറൽ തുർക്കി അൽ മാലികി വ്യക്തമാക്കി. ഇതിൽ റിയാദിനെ ആക്രമിക്കാൻ ഹൂതികൾ ഉപയോഗിച്ച ലോഞ്ചറും ഉൾപ്പെടുന്നുണ്ട്. വിവിധ നിയന്ത്രണ മേഖലകളിലേക്കുള്ള ഹൂതികളുടെ ആയുധ വിതരണ ശൃംഖല പൂർണമായും തകർക്കുന്നതിലായിരുന്നു ആക്രമണം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്.

Advertising
Advertising

സൗദിയിലെയും യമനിലെയും നിരപരാധികളായ സാധാരണക്കാരെയും ജനവാസ മേഖലകളെയും ലക്ഷ്യമിട്ടാണ് ഹൂതികൾ നിരന്തരം ആക്രമണത്തിന് മുതിരുന്നതെന്ന് സഖ്യസേന കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കർശനമായ പ്രത്യാക്രമണ നടപടികൾ തുടരുമെന്ന് സഖ്യസേനാ കമാൻഡ് മുന്നറിയിപ്പ് നൽകി. സ്വന്തം രാജ്യത്തെ ജനങ്ങളെ പീഡിപ്പിക്കുകയും കൊന്നൊടുക്കുകയും ചെയ്യുന്ന ഹൂതികളിൽ നിന്ന്‌യമനിലെ ജനങ്ങൾക്ക് സംരക്ഷണം നൽകേണ്ടതുണ്ട്. അന്താരാഷ്ട്ര മാനുഷിക നിയമങ്ങളും യുദ്ധ മര്യാദകളും പൂർണമായി പാലിച്ചുകൊണ്ടാണ് തങ്ങളുടെ ഓരോ സൈനിക നടപടിയുമെന്നും സഖ്യസേന ഊന്നിപ്പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ സൗദിയുടെ വിവിധ ഭാഗങ്ങൾക്ക് നേരെ വ്യാപകമായ വ്യോമാക്രമണ ശ്രമങ്ങളാണ് ഹൂതികൾ നടത്തിയത്. റിയാദിലേക്ക് അയച്ച മിസൈലുകൾക്ക് പുറമെ തെക്കൻ മേഖലയായ ഖമീസ് മുശൈത്തിലേക്ക് വന്ന ക്രൂയിസ് മിസൈലും വിവിധ ഭാഗങ്ങളിലേക്ക് എത്തിയ പത്തോളം ബാലിസ്റ്റിക് മിസൈലുകളും വ്യോമപ്രതിരോധ സേന തകർത്തു. ഖമീസ് മുശൈത്ത്, അഹദ് റഫീദ എന്നിവിടങ്ങളിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് സൗദി പൗരനും ഒരു ഏഷ്യൻ പ്രവാസിക്കും പരിക്കേറ്റു.

Tags:    

Writer - തമീം സിപി

Web Journalist

Editor - തമീം സിപി

Web Journalist

By - Gulf Desk

contributor

Similar News