കേരളത്തിൽ നിന്നുള്ള വനിതാ തീർഥാടകർ മാത്രമുള്ള ഹജ്ജ് വിമാനം ജിദ്ദയിലെത്തി
2400 തീർഥാടകരാണ് വിതൗട്ട് മഹ്റം വിഭാഗത്തിൽ കേരളത്തിൽ നിന്ന് ഹജ്ജിനെത്തുന്നത്
ജിദ്ദ: കേരളത്തിൽ നിന്നുള്ള വനിതാ തീർഥാടകർ മാത്രമുള്ള ഹജ്ജ് വിമാനം ജിദ്ദയിലെത്തി. പുരുഷ തുണയില്ലാതെ എത്തിയ വനിതാ തീർത്ഥാടകരെ മക്കയിൽ വനിതാ വളണ്ടിയർമാർ ഉൾപ്പെടെ സ്വീകരിച്ചു. മക്കയിൽ ഇവർക്കായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
പുരുഷത്തുണയില്ലാതെ ഹജ്ജിലെത്തുന്ന ആദ്യ സംഘം തീർത്ഥാടകരാണ് ഇന്ന് മക്കയിലെത്തിയത്. കോഴിക്കോട് നിന്നുള്ള മൂന്ന് വിമാനങ്ങളിൽ 515 പേരും കണ്ണൂരിൽ നിന്ന് രണ്ട് വിമാനങ്ങളിലായി 342 പേരുമാണെത്തിയത്. ജിദ്ദയിൽ എത്തിയ തീർഥാടകർക്ക് ഇന്ത്യൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും കെഎംസിസി ഉൾപ്പെടെ സന്നദ്ധ സംഘടനകളും സ്വീകരണം നൽകി. ഹജ്ജ് സർവീസ് കമ്പനി ഒരുക്കിയ ബസ് മാർഗം തീർഥാടകരെ മക്കയിൽ എത്തിച്ചു.
2400 തീർഥാടകരാണ് വിതൗട്ട് മഹ്റം വിഭാഗത്തിൽ കേരളത്തിൽ നിന്ന് ഹജ്ജിനെത്തുന്നത്. ഇങ്ങനെ എത്തുന്ന വനിതകൾക്ക് സൗകര്യങ്ങൾ എല്ലാം വ്യത്യസ്തമാണ്. പ്രത്യേക സുരക്ഷയുള്ള താമസ കെട്ടിടങ്ങൾ, വനിതകൾക്ക് മാത്രമായ മെഡിക്കൽ സെന്റർ, ബസ് തുടങ്ങിയവ മക്കയിലുണ്ട്.
ആദ്യദിനം എത്തിയ തീർഥാടകർക്ക് അസീസിയിലെ ബിൽഡിംഗ് നമ്പർ 179, 172 തുടങ്ങിയ ബിൽഡിംഗുകളിലാണ് താമസം ഒരുക്കിയത്. മക്കയിലെത്തിയ തീർത്ഥാടകർ ഇന്ന് ഉംറ കർമ്മം പൂർത്തിയാക്കി.