Writer - razinabdulazeez
razinab@321
റിയാദ്: പഴയ സ്പോൺസറുടെ അനുമതിയില്ലാതെ സൗദിയിൽ ഹൗസ് ഡ്രൈവർമാരുടെ ഹുറൂബ് നീക്കാൻ വഴിയൊരുങ്ങി. ആറു മാസത്തിനകം സ്റ്റാറ്റസ് മാറ്റാമെന്ന് സൗദി മാനവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. തൊഴിലിൽ നിന്നും ഒളിച്ചോടിയതായി സ്പോൺസർമാർ രേഖപ്പെടുത്തിയ നിരവധി പ്രവാസികൾക്ക് തീരുമാനം ഗുണമാകും.
തന്റെ തൊഴിലാളി ഒളിച്ചോടിയെന്നും അയാൾക്ക് മേൽ തനിക്ക് ഒരു റോളുമില്ലെന്നും സ്പോൺസർ തൊഴിൽ വകുപ്പിന് നൽകുന്ന റിപ്പോർട്ടാണ് ഹുറൂബ്. ഇതോടെ തൊഴിലാളിക്ക് സൗദി വിട്ടു പോകാനാകില്ല. പിന്നീട് ജയിൽ വഴിയും നാടുകടത്തൽ കേന്ദ്രം വഴിയും നാട്ടിലേക്ക് പോകാം. ഇതോടെ സൗദിയിലേക്ക് നിശ്ചിത കാലം പ്രവേശന വിലക്കും വരും. ഹുറൂബ് പല സ്പോൺസർമാരും ദുരുപയോഗം ചെയ്യുന്നത് സംബന്ധിച്ച് മന്ത്രാലയത്തിന് പരാതി ലഭിക്കാറുണ്ട്. ഇങ്ങിനെ ഹുറൂബിലുള്ളവർക്കെല്ലാം ഇപ്പോൾ പ്രഖ്യാപിച്ച അവസരം ഉപയോഗപ്പെടുത്താം. മെയ് 11 അതായത് ഇന്നു മുതൽ ആറു മാസത്തിനകം ഹുറൂബ് സ്റ്റാറ്റസ് മാറ്റാം. പുതിയ സ്പോൺസർമാരെ കണ്ടെത്തി മുസാനിദ് പ്ലാറ്റ്ഫോം വഴിയാണ് സ്പോൺസർഷിപ്പ് മാറേണ്ടത്. പുതിയ സ്പോൺസർക്ക് ഇതിനുള്ള നടപടികൾ പൂർത്തിയാക്കാം. ഇതോടെ തൊഴിലാളിക്ക് ലഭിക്കുന്ന സന്ദേശം വഴി അനുകൂലമായ മറുപടി നൽകിയാൽ മതി. പുതിയ പ്രഖ്യാപനം മലയാളികളുൾപ്പെടെ നിരവധി പേർക്ക് ഗുണമാകും.