പ്രവാസികളുടെ ക്ഷേമപ്രവർത്തനം; ഗുണഭോക്താക്കളുടെ എണ്ണം വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ
2023ൽ 16,294 പേർക്ക് സഹായം ലഭിച്ച സ്ഥാനത്ത് കഴിഞ്ഞ വർഷം 6,068 പേർക്ക് മാത്രം
പ്രവാസികളുടെ ക്ഷേമപ്രവർത്തനങ്ങൾക്കുള്ള ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട് ഗുണഭോക്താക്കളുടെ എണ്ണം വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ. ഗൾഫ് രാജ്യങ്ങളിൽ 2023 നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം ഉപഭോക്താക്കളുടെ എണ്ണം പകുതിയിലേറെ കുറഞ്ഞു. 2023ൽ ഐസിഡബ്ല്യുഎഫ് ഫണ്ടിൽ നിന്ന് ആറ് ഗൾഫ് രാജ്യങ്ങളിലായി 16294 പേർക്കാണ് സഹായം ലഭിച്ചത്. കഴിഞ്ഞ വർഷം ഇത് 6068 പേരായി ചുരുങ്ങി. ഖത്തറിൽ കഴിഞ്ഞ വർഷം 699 പേർ മാത്രമാണ് ഗുണഭോക്താക്കൾ. മുൻ വർഷങ്ങളിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ പത്തിലൊന്ന് മാത്രം, ഒമാനിലാണ് ഈ വർഷം കൂടുതൽ ഗുണഭോക്താക്കളുള്ളത്, 4156 പേർ. സൗദി അറേബ്യയിൽ 426ഉം, യു.എ.ഇയിൽ 660ഉം, കുവൈത്തിൽ 64ഉം, ബഹ്‌റൈനിൽ 63ഉം പ്രവാസികൾക്കാണ് ഐ.സി.ഡബ്ല്യൂ.എഫ് സഹായം ലഭിച്ചത്.
ദുരിതമനുഭവിക്കുന്ന പ്രവാസികൾക്കുള്ള താൽക്കാലിക താമസം, വിമാന യാത്ര, അടിയന്തര വൈദ്യ സഹായം, നിയമ സഹായം, മുൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ്, കേസുകളിൽ പെട്ടവർക്ക് പിഴയടയ്ക്കാനുള്ള സഹായം എന്നിവയ്ക്കാണ് തുക അനുവദിക്കാറുള്ളത്. ഇതിൽ പിഴ അടയ്ക്കാനായി ഖത്തറിൽ കഴിഞ്ഞ വർഷം ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ പാർലമെന്റിൽ നൽകിയ കണക്ക് പറയുന്നു. വിവിധ രാജ്യങ്ങളിൽ എംബസികൾ മുഖേന നൽകുന്ന സേവനങ്ങൾക്കുള്ള ഫീസിൽ നിന്ന് മാറ്റിവെക്കുന്ന വിഹിതം, ബജറ്റ് ഫണ്ട്, സംഭാവന തുടങ്ങിയവയിലൂടെയാണ് ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട് സമാഹരിക്കുന്നത്.
2023ലെ കണക്ക് പ്രകാരം 571 കോടിയോളം രൂപ വിവിധ രാജ്യങ്ങളിലാണ് ഐസിഡബ്ല്യുഎഫിലുണ്ട്. ഗൾഫ് രാജ്യങ്ങളിൽ മാത്രം 125 കോടി കെട്ടിക്കിടക്കുന്നതായാണ് കണക്ക്. ഇതിനിടയിലാണ് ഗുണഭോക്താക്കളുടെ എണ്ണം കുത്തനെ വെട്ടിക്കുറച്ചുകൊണ്ടുള്ള കണക്ക് പുറത്തുവരുന്നത്.