ജിദ്ദ-റിയാദ് റെയിൽ പാത യാഥാർഥ്യത്തിലേക്ക്; ടെൻഡർ നടപടികൾ ആരംഭിച്ചു
സൗദി ലാന്റ് ബ്രിഡ്ജ് എന്ന പേരിലായിരിക്കും പാത അറിയപ്പെടുക
ജിദ്ദ: ജിദ്ദയിൽ നിന്ന് റിയാദിലേക്കുള്ള റെയിൽ പാത യാഥാർഥ്യമാകുന്നു. സൗദിയുടെ വാണിജ്യ നഗരമായ ജിദ്ദയെയും തലസ്ഥാന നഗരിയായ റിയാദിനെയും ബന്ധിപ്പിക്കുന്ന പുതിയ പാതയുടെ നിർമാണ പ്രവർത്തങ്ങൾക്കായുള്ള ടെണ്ടർ നടപടികളാണ് നിലവിൽ ആരംഭിച്ചത്. സൗദി ലാന്റ് ബ്രിഡ്ജ് എന്ന പേരിലായിരിക്കും പാത അറിയപ്പെടുക.
1500 കിലോമീറ്റർ ദൈർഗ്യമുള്ള റെയിൽ പാതയായിരിക്കും നിർമിക്കുക. ആറ് റെയിൽ പാതകൾ ഇതിൽ ഉൾപ്പെടും. സൗദി റെയിൽവേസിന്റെ മേൽനോട്ടത്തിലാണ് നിർമാണത്തിനുള്ള ടെണ്ടർ നടപടികൾ പുരോഗമിക്കുന്നത്. 2625 കോടി റിയാലാണ് പദ്ധതിക്കായി ചെലവാക്കേണ്ട തുകയായി കണക്കാക്കുന്നത്. മേഖലയിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നായിരിക്കും പുതിയ റെയിൽ പദ്ധതി. റിയാദിനും ജിദ്ദക്കുമിടയിൽ 950 കിലോമീറ്റർ ദൈർഗ്യമുള്ള പാതയും, ദമാമിനും ജുബൈലിനുമിടയിലുള്ള 115 കിലോമീറ്റർ ദൈർഗ്യമുള്ള മറ്റൊരു പാതയും പദ്ധതിയുടെ കീഴിൽ വരും. പുതിയ പാത യാഥാർഥ്യമാകുന്നതോടെ തീർത്ഥാടകർക്കടക്കം ഏറെ ഗുണം ചെയ്യും.