പാസ്‌പോർട്ട് ടു ദി വേൾഡ്: സൗദിയിൽ പ്രവാസികൾക്കായി പ്രത്യേക വിനോദ പരിപാടികൾ
ഏപ്രിൽ 16 മുതൽ 19 വരെ ഖോബാറിൽ ഇന്ത്യക്കാർക്കായി കലാവിരുന്നും രുചിമേളയും
ജിദ്ദ: സൗദി ജനറൽ എന്റർടൈമെന്റ് അതോറിറ്റി അൽ-ഖോബാറിലും ജിദ്ദയിലും വിനോദ പരിപാടികൾ സംഘടിപ്പിക്കുന്നു. സുഡാൻ, ഇന്ത്യ, ഫിലിപ്പീൻസ്, ബംഗ്ലാദേശ് രാജ്യക്കാർക്കാണ് പ്രത്യേക പരിപാടികൾ. പാസ്‌പോർട്ട്‌സ് ടു ദി വേൾഡ് എന്ന പേരിലാണ് രണ്ടുമാസം നീണ്ടുനിൽക്കുന്ന വിനോദ പരിപാടികൾ.
കലാവിഷ്‌കാരങ്ങൾ, രുചി വൈവിധ്യങ്ങൾ, പരമ്പരാഗത കരകൗശല പ്രദർശനം തുടങ്ങി വ്യത്യസ്ത പരിപാടികൾ അരങ്ങേറും. പ്രവാസികളെ അവരുടെ മാതൃരാജ്യവുമായി കൂട്ടിയിണക്കാനും, സാംസ്‌കാരിക വൈവിധ്യം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് വിനോദ പരിപാടികൾ. ഏപ്രിൽ 9 മുതൽ മെയ് 3 വരെ ഖോബാറിലും, ഏപ്രിൽ 30 മുതൽ മെയ് 24 വരെ ജിദ്ദയിലുമാണ് പ്രോഗ്രാമുകൾ. ബുധനാഴ്ച മുതൽ ശനിയാഴ്ച വരെയാണ് ഓരോ രാജ്യക്കാർക്കായി പരിപാടികൾ ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.
ഖോബാറിൽ ഏപ്രിൽ 16 മുതൽ 19 വരെ ഇന്ത്യക്കാർക്കായുള്ള പ്രോഗ്രാമുകൾ അരങ്ങേറും. അക്രോസ് കൾച്ചർ, ഗതറിങ്ങ് എന്നിവരുടെ സഹകരണത്തോടെയാണ് വിനോദപരിപാടികൾ. സൗദിയിലെ ജീവിത നിലവാരം വർധിപ്പിക്കാനുള്ള വിഷൻ 2030-ന്റെ ലക്ഷ്യങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.