ഖത്തർ അമീർ യുഎഇയിൽ; പ്രസിഡണ്ടുമായി കൂടിക്കാഴ്ച നടത്തി

പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഭവവികാസങ്ങളും ചർച്ചയായി

Update: 2025-05-04 16:51 GMT
Advertising

ദുബൈ: യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ അൽ സായിദ് ആൽ നഹ്‌യാനുമായി കൂടിക്കാഴ്ച നടത്തി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ ഥാനി. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും പ്രാദേശിക വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു. ഉന്നതതല സംഘവും ചർച്ചയിൽ പങ്കെടുത്തു.

അബൂദബിയിലെ അൽ ഷാതി കൊട്ടാരത്തിലായിരുന്നു യുഎഇ പ്രസിഡണ്ടും ഖത്തർ അമീറും തമ്മിലുള്ള കൂടിക്കാഴ്ച. പരസ്പര സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ മാർഗങ്ങൾ ഇരുവരും ചർച്ച ചെയ്തതായി വാർത്താ ഏജൻസിയായ വാം റിപ്പോർട്ട് ചെയ്തു.

പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഭവവികാസങ്ങളും ചർച്ചയായി. ഗസ്സയിലെ മധ്യസ്ഥതയുമായി ബന്ധപ്പെട്ട് ഇസ്രായേലുമായി ഖത്തർ നടത്തുന്ന വാക്‌പോരിനിടെയാണ് സന്ദർശനം എന്നത് ശ്രദ്ധേയമാണ്. വിഷയത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ രൂക്ഷ ഭാഷയിലാണ് ഖത്തർ വിമർശിച്ചിരുന്നത്. ഗസ്സയിലെ നിഷ്‌കളങ്കരായ സാധാരണക്കാർക്കു നേരെ ഇസ്രായേൽ നടത്തുന്ന കുറ്റകൃത്യങ്ങളെ ന്യായീകരിക്കാൻ നെതന്യാഹു വ്യാജങ്ങൾ ചമയ്ക്കുകയാണ് എന്നാണ് ഖത്തറിന്റെ കുറ്റപ്പെടുത്തൽ.

കൂടിക്കാഴ്ചയിൽ യുഎഇയുടെ ഭാഗത്തു നിന്ന് വൈസ് പ്രസിഡണ്ട് ശൈഖ് മൻസൂർ ബിൻ സായിദ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് താനൂൻ ബിൻ സായിദ്, ആഭ്യന്തര മന്ത്രി ശൈഖ് സൈഫ് ബിൻ സായിദ്, ഖത്തർ പക്ഷത്തു നിന്ന് പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ ജാസിം ആൽ ഥാനി, ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിൻ ഹമദ് തുടങ്ങിയവരും പങ്കെടുത്തു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News