ആഗോള പ്രസ്ഫ്രീഡം ഇൻഡക്‌സിൽ മിന മേഖലയിൽ ഖത്തർ ഒന്നാമത്
ഇന്ത്യ 151ാം സ്ഥാനത്തും ഇസ്രായേൽ 112ാം സ്ഥാനത്തും
ദോഹ: മാധ്യമസ്വാതന്ത്ര്യത്തിന്റെ അളവുകോലായ ആഗോള പ്രസ്ഫ്രീഡം ഇൻഡക്‌സിൽ മിഡിലീസ്റ്റ് നോർത്ത് ആഫ്രിക്ക (മിന) മേഖലയിൽ ഖത്തർ ഒന്നാം സ്ഥാനത്ത്. ആഗോള തലത്തിൽ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 79ാം റാങ്കിലാണ് ഖത്തർ. ആർഎസ്എഫ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരമാണ് ഖത്തർ മിന മേഖലയിൽ ഒന്നാമതെത്തിയത്.
ഗസ്സയിൽ മാധ്യമ പ്രവർത്തകരെ വേട്ടയാടുകയും അന്താരാഷ്ട്ര മാധ്യമപ്രവർത്തകർക്ക് വിലക്കേർപ്പെടുത്തുകയും ചെയ്ത ഇസ്രായേൽ മാധ്യമ സ്വാതന്ത്യത്തിൽ 112 ാം സ്ഥാനത്താണ്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച 11 സ്ഥാനമാണ് ഇടിഞ്ഞത്. ആഗോള തലത്തിൽ മാധ്യമ സ്വാതന്ത്ര്യം വൻ പ്രതിസന്ധി നേരിടുന്നതായി സൂചിക പറയുന്നു. 60 ശതമാനം രാജ്യങ്ങളിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മാധ്യമ സ്വാതന്ത്ര്യം കുറഞ്ഞു. പത്ത് വർഷത്തിനിടെ മാധ്യമ സ്വാതന്ത്ര്യം അതീവ ഗുരുതരാവസ്ഥ നേരിടുന്ന രാജ്യങ്ങളുടെ എണ്ണം ഗണ്യമായി കൂടി. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ഇതിൽപ്പെടും. 151ാം സ്ഥാനത്താണ് ഇന്ത്യ. 180 രാജ്യങ്ങളാണ് പട്ടികയിലുള്ളത്.
നോർവെ. എസ്റ്റോണിയ, നെതർലാൻഡ്‌സ് രാജ്യങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ.