ഇവിടെ ആറാടരുത്....1,000 റിയാൽ വരെ പിഴ; ഒമാനിലെ ആറ് പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളിൽ കർശന നിയന്ത്രണം

ക്യാമ്പിങ്, ഹൈക്കിങ്, വീഡിയോയെടുക്കൽ തുടങ്ങിയവക്ക് നിയന്ത്രണം

Update: 2026-10-26 08:31 GMT

മസ്‌കത്ത്: ഒമാനിലെ ആറ് പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളിൽ ക്യാമ്പിങ്, ഹൈക്കിങ്, വീഡിയോയെടുക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. സംരക്ഷിത പ്രദേശങ്ങളിൽ വേട്ടയാടുക, മീൻപിടിക്കുക, ഫോസിലുകളോ മറ്റ് വസ്തുക്കളോ ശേഖരിക്കുക തുടങ്ങിയവ ചെയ്യുന്നവർക്ക് 1,000 ഒമാനി റിയാൽ വരെ പിഴ ചുമത്തും.

ഖോർ സലാല നാച്ച്വർ റിസർവ്, ജബൽ അൽ ഗർബി നാച്ച്വർ റിസർവ്, ദാഹിറ നാച്ച്വർ റിസർവ്, സലാല തീരത്തുള്ള ഖോർ റിസർവ്, ബുറൈമി ഒയാസിസ് നാച്ച്വർ റിസർവ്, റഅ്‌സൽ ഷജർ നാച്ച്വർ റിസർവ് എന്നീ പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളിലാണ് നിയന്ത്രണങ്ങൾ കർശനമാക്കിയത്.

Advertising
Advertising

ഒമാൻ പരിസ്ഥിതി അതോറിറ്റി പ്രസിഡന്റ് ഡോ. അബ്ദുല്ല ബിൻ അലി അൽ അംരി ഇത് സംബന്ധിച്ചുള്ള ആറ് തീരുമാനങ്ങൾ പുറപ്പെടുവിച്ചു. സംരക്ഷണ കേന്ദ്രങ്ങളുടെ നടത്തിപ്പ്, പ്രവേശനം നിയന്ത്രിക്കൽ, ഫീസ് നിശ്ചയിക്കൽ, നിയമലംഘനങ്ങൾക്കുള്ള ശിക്ഷകൾ എന്നിവ സംബന്ധിച്ചാണ് തീരുമാനങ്ങൾ.

പരിസ്ഥിതി ലോല പ്രദേശങ്ങളിൽ വിനോദസഞ്ചാരം, ശാസ്ത്രീയ ഗവേഷണം, മറ്റ് പ്രവർത്തനങ്ങൾ എന്നിവ ഉത്തരവാദിത്തത്തോടെ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് നിയന്ത്രണം. വന്യജീവികളെയും പ്രകൃതിദത്ത ആവാസവ്യവസ്ഥകളെയും സംരക്ഷിക്കുകയും ലക്ഷ്യമാണ്.

പുതിയ നിയമപ്രകാരം, നിശ്ചിത സംരക്ഷണ കേന്ദ്രങ്ങളിൽ ക്യാമ്പിങ്, രാത്രി തങ്ങൽ, മലകയറ്റം (ഹൈക്കിങ്), സഞ്ചരിക്കൽ എന്നിവക്ക് അനുമതി ആവശ്യമാണ്.

ഡോക്യുമെന്ററി ചിത്രീകരണം, പ്രൊമോഷണൽ പ്രൊഡക്ഷൻ, ശാസ്ത്രീയ പഠനങ്ങൾ, വന്യജീവി സാമ്പിൾ ശേഖരിക്കൽ, കന്നുകാലികളെ മേയ്ക്കൽ, കൃഷി, വനവൽക്കരണം എന്നിവക്കും അനുമതി നേടണം.

കിണർ കുഴിക്കുക, ധാതുഖനന പര്യവേക്ഷണം, ഖനനം, നിലവിലുള്ള കെട്ടിടങ്ങൾ വികസിപ്പിക്കുക, പുതിയ സൗകര്യങ്ങൾ നിർമിക്കുക, എന്നിവക്കും അനുമതി ആവശ്യമാണ്. ഖോർ സലാല പ്രകൃതി സംരക്ഷണ കേന്ദ്രത്തിൽ ബോട്ടുകളും ജെറ്റ് സ്‌കികളും ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ട്.

ഈ സംരക്ഷണ കേന്ദ്രങ്ങളിൽ വേട്ടയാടുക, മീൻപിടിക്കുക, ഫോസിലുകൾ, പുരാവസ്തുക്കൾ, കല്ലുകൾ, മറ്റ് വസ്തുക്കൾ എന്നിവ ശേഖരിക്കുക എന്നിവയും നിരോധിച്ചിട്ടുണ്ട്. തോക്കുകളോ പരമ്പരാഗത ആയുധങ്ങളോ ഉപയോഗിക്കുക, വിഷം വെക്കുക, നിശ്ചയിക്കപ്പെട്ട പാതകൾക്ക് പുറത്ത് വാഹനമോടിക്കുക എന്നിവയും കുറ്റകരമാണ്.

മരങ്ങൾ, കുറ്റിച്ചെടികൾ, പുൽമേടുകൾ എന്നിവ നീക്കുകയോ കത്തിക്കുകയോ ചെയ്യുക, ജലസ്രോതസ്സുകളും വാദികളും മലിനമാക്കുക, സംരക്ഷണ കേന്ദ്രത്തിലെ സൗകര്യങ്ങൾക്ക് കേടുപാടുകൾ വരുത്തുക എന്നിവയും നിയമലംഘനങ്ങളിൽ ഉൾപ്പെടുന്നു. തീരപ്രദേശങ്ങളിലെ ഖോർ റിസർവുകളിൽ നിന്ന് വെള്ളമെടുക്കുന്നതും നിരോധിച്ചിട്ടുണ്ട്.

കേന്ദ്രങ്ങളിൽ വേട്ടയാടുന്നതിനും മീൻപിടിക്കുന്നതിനും 1,000 ഒമാനി റിയാൽ വരെ പിഴ ലഭിച്ചേക്കും. സംരക്ഷിത പ്രദേശങ്ങളിൽ നിന്ന് ഫോസിലുകൾ, പുരാവസ്തുക്കൾ, കല്ലുകൾ അല്ലെങ്കിൽ മറ്റ് വസ്തുക്കൾ ശേഖരിക്കുന്നവർക്കും ഇതേ പിഴ തന്നെയായിരിക്കും ലഭിക്കുക. അനധികൃത ഡ്രില്ലിങ്, ഖനനം, നിർമാണം അല്ലെങ്കിൽ കെട്ടിട വികസനം എന്നിവക്ക് വിവിധ റിസർവുകളിൽ 250 റിയാൽ പിഴ ഈടാക്കാം. വിഷവസ്തുക്കൾ ഉപയോഗിച്ചാൽ 200 റിയാലും പിഴ ചുമത്താം, അതേസമയം നിയുക്ത പ്രദേശങ്ങൾക്ക് പുറത്ത് തീയിടുക, അനുമതിയില്ലാതെ ഗവേഷണം നടത്തുക, പെർമിറ്റ് ഇല്ലാതെ കന്നുകാലികളെ മേയ്ക്കുക, സസ്യങ്ങൾ നീക്കുകയോ കത്തിക്കുകയോ ചെയ്യുക എന്നിവക്ക് 100 റിയാലും പിഴ ഈടാക്കാം.

അനധികൃത പ്രവേശനം, ക്യാമ്പിങ് അല്ലെങ്കിൽ രാത്രി താമസം എന്നിവക്ക് 50 റിയാൽ പിഴ ചുമത്താം. ജലസ്രോതസ്സുകളും വാദികളും മലിനമാക്കിയാൽ 50 റിയാലാണ് പിഴ.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Gulf Desk

contributor

Similar News