ഇന്ധനവില വർധന: ഒമാന്റെ ഇറക്കുമതിച്ചെലവ് കുത്തനെ ഉയർന്നു

ഈ വർഷം രണ്ടാം പാദത്തിൽ 11.7% വർധന

Update: 2026-10-24 16:10 GMT

മസ്‌കത്ത്: ഒമാന്റെ ഇറക്കുമതിച്ചെലവിൽ ഈ വർഷത്തെ രണ്ടാം പാദത്തിൽ വൻ വർധനവ് രേഖപ്പെടുത്തി. മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഇറക്കുമതി വില സൂചികയിൽ 11.7 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളിലാണ് ഈ വിവരം വ്യക്തമാക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ഇന്ധന വില കുത്തനെ ഉയർന്നതാണ് ഈ വിലക്കയറ്റത്തിന് പ്രധാന കാരണമായി മാറിയത്. വർഷാടിസ്ഥാനത്തിൽ മാത്രമല്ല, മുൻ പാദവുമായി താരതമ്യം ചെയ്യുമ്പോഴും ഇറക്കുമതി വിലയിൽ രണ്ട് ശതമാനത്തിന്റെ വർധനവ് ഉണ്ടായിട്ടുണ്ട്. ഇന്ധനം, രാസവസ്തുക്കൾ, ഭക്ഷ്യ എണ്ണകൾ എന്നിവയുടെ വിലക്കയറ്റം രാജ്യത്തിന്റെ ഇറക്കുമതി മേഖലയെ വലിയ തോതിലാണ് ബാധിച്ചത്.

Advertising
Advertising

ധാതു ഇന്ധനങ്ങൾക്കും അനുബന്ധ ഉൽപന്നങ്ങൾക്കും വർഷാടിസ്ഥാനത്തിൽ 45.5 ശതമാനത്തിന്റെ വൻ വർധനവാണ് ഉണ്ടായത്. ഭക്ഷ്യ എണ്ണകൾക്കും കൊഴുപ്പുകൾക്കും 16 ശതമാനവും രാസവസ്തുക്കൾക്ക് 11.6 ശതമാനവും വില കൂടി. കൂടാതെ പാനീയങ്ങൾ, പുകയില ഉൽപന്നങ്ങൾ എന്നിവയ്ക്കും നേരിയ തോതിൽ വിലവർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഭക്ഷ്യവസ്തുക്കൾക്കും ജീവനുള്ള മൃഗങ്ങൾക്കും 1.1 ശതമാനം മാത്രമാണ് വില ഉയർന്നത്. എന്നാൽ വിവിധ നിർമ്മിത വസ്തുക്കളുടെ വിലയിൽ വാർഷികാടിസ്ഥാനത്തിൽ 2.9 ശതമാനത്തിന്റെ കുറവുണ്ടായി. പാദങ്ങൾ തമ്മിൽ താരതമ്യം ചെയ്യുമ്പോൾ മെഷിനറി, ഗതാഗത ഉപകരണങ്ങൾ എന്നിവയുടെ വിലയിൽ 12.8 ശതമാനം ഇടിവുണ്ടായത് ഇറക്കുമതിക്കാർക്ക് വലിയ ആശ്വാസമായി. 

Tags:    

Writer - തമീം സിപി

Web Journalist

Editor - തമീം സിപി

Web Journalist

By - Gulf Desk

contributor

Similar News