തിരക്ക് അനിയന്ത്രിതമായി; അതിർത്തിയിലെ പമ്പുകളിൽ ഇന്ധന നിയന്ത്രണമേർപ്പെടുത്തി ഒമാൻ

അതിർത്തിക്ക് 50 കിലോമീറ്റർ ചുറ്റളവിലുള്ള പമ്പുകൾക്ക് ബാധകം

Update: 2026-10-26 08:08 GMT

മസ്‌കത്ത്: ഒമാന്റെ അതിർത്തി ചെക്ക്പോസ്റ്റുകൾക്ക് സമീപമുള്ള പെട്രോൾ പമ്പുകളിൽ നിന്ന് വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കുന്നതിന് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി. അതിർത്തിയിൽ നിന്ന് 50 കിലോമീറ്റർ ചുറ്റളവിലുള്ള പമ്പുകൾക്കാണ് ഈ പുതിയ നിബന്ധന ബാധകമാക്കിയിരിക്കുന്നത്. ഇതനുസരിച്ച് ഒരു വാഹനത്തിന് പരമാവധി 30 ലിറ്റർ ഇന്ധനം മാത്രമേ ഒരു സമയം നൽകുകയുള്ളൂ. ഒമാൻ നാഷണൽ സബ്സിഡി കമ്മിറ്റിയാണ് ഈ താൽക്കാലിക തീരുമാനത്തിന് അംഗീകാരം നൽകിയത്. അതിർത്തി പ്രദേശങ്ങളിലെ പമ്പുകളിൽ ഇന്ധനത്തിന് വൻതോതിൽ ആവശ്യക്കാർ ഉയർന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിയെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിലെ വാണിജ്യ വിഭാഗം ഡയറക്ടർ ജനറൽ നസ്ര ബിൻത് സുൽത്താൻ അൽ ഹബ്‌സി വ്യക്തമാക്കി.

ഒമാൻ റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അവർ ഈ കാര്യങ്ങൾ വിശദീകരിച്ചത്. സാധാരണ ഉപഭോക്താക്കൾക്ക് ഇന്ധനക്ഷാമം ഉണ്ടാകാതിരിക്കാനും ലഭ്യമായ ഇന്ധനം പരമാവധി ആളുകളിലേക്ക് തുല്യമായി എത്തിക്കാനുമാണ് ഈ ക്രമീകരണം നടപ്പിലാക്കിയിരിക്കുന്നത്. വരും ദിവസങ്ങളിലും ഈ മേഖലകളിലെ ഇന്ധന വിതരണം സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിരീക്ഷണം ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു.

Tags:    

Writer - തമീം സിപി

Web Journalist

Editor - തമീം സിപി

Web Journalist

By - Gulf Desk

contributor

Similar News