വെസ്റ്റ്മിൻസ്റ്ററിൽ ഉന്നതതല ചർച്ച; സമുദ്ര സുരക്ഷയും വ്യാപാര ബന്ധവും ശക്തമാക്കാൻ ഒമാനും ബ്രിട്ടനും
ഒമാന്റെ മാരിടൈം സെക്യൂരിറ്റി സെന്ററുമായി വിവരങ്ങൾ പങ്കുവെക്കുന്നതിനുള്ള ധാരണാപത്രം ഉടൻ ഒപ്പുവെക്കും
മസ്കത്ത്: മേഖലയിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ വ്യാപാര-നിക്ഷേപ ബന്ധങ്ങൾ കൂടുതൽ ശക്തമാക്കാൻ ഒമാനും ബ്രിട്ടനും. സമുദ്ര സുരക്ഷ , ലോജിസ്റ്റിക്‌സ്, വിതരണ ശൃംഖല സുരക്ഷ എന്നീ മേഖലകളിൽ സഹകരണം ശക്തമാക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് കഴിഞ്ഞ ആഴ്ച നടത്തിയ യുകെ സന്ദർശനത്തിന്റെ ഭാഗമായി ലണ്ടനിലെ വെസ്റ്റ്മിൻസ്റ്ററിൽ സംഘടിപ്പിച്ച ഉന്നതതല സാമ്പത്തിക-വാണിജ്യ വട്ടമേശ സമ്മേളനത്തിലാണ് ഇത് സംബന്ധിച്ച നിർണായക ചർച്ചകൾ നടന്നത്. ബ്രിട്ടീഷ് എക്സ്പർട്ടൈസ് ഇന്റർനാഷണൽ (BEI), ഒമാൻ ബ്രിട്ടീഷ് സൊസൈറ്റി (OBS) എന്നിവ സംയുക്തമായാണ് യോഗം സംഘടിപ്പിച്ചത്. സുരക്ഷാ, പ്രതിരോധ, വ്യാപാര മേഖലകളിൽ കൂടുതൽ സഹകരിച്ചു പ്രവർത്തിക്കാൻ ഇരുരാജ്യങ്ങളും സമ്മതിച്ചു.
ഒമാന്റെ മാരിടൈം സെക്യൂരിറ്റി സെന്ററുമായി വിവരങ്ങൾ പങ്കുവെക്കുന്നതിനുള്ള ധാരണാപത്രം ഇരുരാജ്യങ്ങളും ഉടൻ ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമുദ്ര മേഖലയിലെ അപകടസാധ്യത വിലയിരുത്തൽ, ഇൻഷുറൻസ് ചട്ടക്കൂടുകൾ, വിതരണ ശൃംഖലയുടെ തുടർച്ച എന്നിവയിൽ ബ്രിട്ടന്റെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തും. പ്രക്ഷുബ്ധമായ സാഹചര്യങ്ങളിലും ഒമാനിലെ തുറമുഖങ്ങൾ പ്രവർത്തനക്ഷമമായി തുടരുന്നത് ഏറെ നിർണായകമാണെന്ന് ചർച്ചയ്ക്ക് നേതൃത്വം നൽകിയ ഒമാൻ ബ്രിട്ടീഷ് സൊസൈറ്റി ഭാരവാഹികൾ വ്യക്തമാക്കി. ഷിപ്പിങ്, ഇൻഷുറൻസ്, സമുദ്ര നിയമം തുടങ്ങിയ മേഖലകളിലെ യുകെ വിദഗ്ധർ ഒമാൻ അധികൃതരുമായി സഹകരിക്കും. ഒമാൻ ഫിനാൻഷ്യൽ സർവീസസ് അതോറിറ്റി, ദുകം പ്രത്യേക സാമ്പത്തിക മേഖല (SEZAD) എന്നിവയുടെ പ്രതിനിധികളും വാണിജ്യ പ്രമുഖരും ഒമാൻ പ്രതിനിധി സംഘത്തിൽ പങ്കെടുത്തു.