ഭീഷണിപ്പെടുത്തി പണം തട്ടുന്നു; വ്യാജ കോളുകൾക്കെതിരെ മുന്നറിയിപ്പുമായി ഒമാനിലെ ഇന്ത്യൻ എംബസി
വിസ റദ്ദാക്കുമെന്നോ നാടുകടത്തുമെന്നോ ഉള്ള ഭീഷണികൾ മുഴക്കി പണം തട്ടാനാണ് ഈ സംഘങ്ങളുടെ ശ്രമം
മസ്കത്ത്: ഒമാനിലെ പ്രവാസികൾക്ക് ജാഗ്രതാ നിർദേശവുമായി ഇന്ത്യൻ എംബസി. പാസ്‌പോർട്ട്, വിസ പ്രശ്നങ്ങൾ പരിഹരിച്ചുനൽകാമെന്ന വ്യാജേന എംബസിയുടെ പേരിൽ തട്ടിപ്പുകൾ നടക്കുന്നുണ്ടെന്നാണ് മുന്നറിയിപ്പ്. വ്യാജ ഫോൺ കോളുകൾ വഴി പണം തട്ടാൻ ശ്രമിക്കുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും ഉടൻ ആർ.ഒ.പിയെ വിവരമറിയിക്കണമെന്നും എംബസി വ്യക്തമാക്കി.
പാസ്‌പോർട്ട്, വിസ, എമിഗ്രേഷൻ സംബന്ധമായ രേഖകളിൽ പ്രശ്നങ്ങളുണ്ടെന്നും അത് പരിഹരിച്ചുതരാമെന്ന് പറഞ്ഞും പണം ആവശ്യപ്പെട്ട് തട്ടിപ്പ് സംഘം ഫോണിൽ ബന്ധപ്പെടുന്നത്. ഇത്തരത്തിൽ വ്യാപകമായി വ്യാജ കോളുകൾ വരുന്നതായി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും എംബസി വ്യക്തമാക്കുന്നു. വിസ റദ്ദാക്കുമെന്നോ നാടുകടത്തുമെന്നോ ഉള്ള ഭീഷണികൾ മുഴക്കി പണം തട്ടാനാണ് ഈ സംഘങ്ങളുടെ ശ്രമം. അജ്ഞാത വ്യക്തികൾക്ക് പാസ്‌പോർട്ട്, ഒമാൻ റെസിഡന്റ് കാർഡ് തുടങ്ങിയ സുപ്രധാന വിവരങ്ങളോ രേഖകളുടെ പകർപ്പുകളോ യാതൊരു കാരണവശാലും കൈമാറരുതെന്ന് എംബസി ഇന്ത്യൻ പ്രവസികൾക്ക് കർശന നിർദേശം നൽകി.
തട്ടിപ്പിൽ അകപ്പെട്ടുപോയാലോ പണം കൈമാറിയാലോ ഉടൻ ബാങ്കുമായും റോയൽ ഒമാൻ പൊലീസിനെയും വിവരമറിയിക്കണം. സംശയങ്ങൾക്കും പരാതികൾക്കുമായി എംബസിയുടെ ഔദ്യോഗിക ഇമെയിൽ വഴി എംബസിയുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണെന്നും അധികൃതർ അറിയിച്ചു. തട്ടിപ്പുകാരുടെ ഭീഷണികൾക്ക് മുന്നിൽ പ്രവാസികൾ പരിഭ്രാന്തരാകാരുതെന്നും ഔദ്യോഗിക മാർഗങ്ങളിലൂടെ വിവരങ്ങൾ സ്ഥിരീകരിക്കണമെന്നും ഇന്ത്യൻ എംബസി ആവർത്തിച്ച് ഓർമ്മിപ്പിക്കുന്നുണ്ട്