പണം വാങ്ങി, പാക്കേജുകൾ നൽകിയില്ല; മസ്‌കത്തിൽ ട്രാവൽ ഏജൻസി പ്രതിനിധിക്ക് തടവുശിക്ഷയും പിഴയും
ഏജൻസിക്ക് 1 വർഷത്തേക്ക് വിലക്ക് ഏർപ്പെടുത്തി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി
മസ്കത്ത്: വിദേശ യാത്രാ പാക്കേജുകൾ റദ്ദാക്കി പണം തട്ടിയെടുത്ത കേസിൽ ട്രാവൽ ഏജൻസി പ്രതിനിധിക്ക് മൂന്ന് മാസം തടവുശിക്ഷ. മസ്‌കത്തിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനത്തിന്റെ പ്രവർത്തനം ഒരു വർഷത്തേക്ക് നിർത്തിവെക്കാനും കോടതി ഉത്തരവിട്ടു. ഏജൻസിക്കെതിരെ ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് ശക്തമായ നിയമനടപടി സ്വീകരിച്ചത്. തടവുശിക്ഷയ്ക്ക് പുറമെ 900 ഒമാനി റിയാൽ പിഴയും പ്രതി അടയ്ക്കണം. മൂന്ന് യാത്രക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം നടന്നത്.
വിമാന ടിക്കറ്റ്, ഹോട്ടൽ താമസം, വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാനുള്ള സൗകര്യം എന്നിവ വാഗ്ദാനം ചെയ്താണ് ഏജൻസി ഉപഭോക്താക്കളിൽ നിന്ന് പണം വാങ്ങിയത്. എന്നാൽ പണം കൈപ്പറ്റിയ ശേഷം യാതൊരു സേവനവും നൽകിയില്ലെന്ന് മാത്രമല്ല, മുൻകൂട്ടി അറിയിക്കാതെ യാത്രകൾ റദ്ദാക്കുകയും ചെയ്തു. വാഗ്ദാനം ചെയ്ത സേവനം നൽകാതെ ഉപഭോക്താക്കളെ വഞ്ചിക്കുന്നതും കൃത്യവിലോപം കാണിക്കുന്നതും ഗുരുതര കുറ്റകൃത്യമാണെന്ന് അതോറിറ്റി വ്യക്തമാക്കി. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ശക്തമായ പരിശോധനകളും നടപടികളും തുടരുമെന്നും സി.പി.എ മുന്നറിയിപ്പ് നൽകി.