കുവൈത്തിൽ മലയാളി നഴ്സിംഗ് ദമ്പതികൾ കുത്തേറ്റ് മരിച്ച നിലയിൽ
കണ്ണൂർ സ്വദേശി സൂരജ്, ഭാര്യ എറണാകുളം സ്വദേശിനി ബിൻസി എന്നിവരെയാണ് അബ്ബാസിയയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളി നഴ്‌സിംഗ് ദമ്പതികളെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശി സൂരജ്, ഭാര്യ എറണാകുളം വാഴക്കുളം സ്വദേശിനി ബിൻസി എന്നിവരെയാണ് അബ്ബാസിയയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അബ്ബാസിയയിലെ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂൾ സമീപത്തെ താമസ സ്ഥലത്താണ് ഇന്ന് രാവിലെ ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ദമ്പതികളുടെ മരണം കുടുംബ കലഹത്തെ തുടർന്നാണെന്നാണ് സൂചന. രണ്ട് കുട്ടികളാണ് ഇവർക്കുള്ളത്. കുട്ടികളെ നാട്ടിലാക്കി ഇരുവരും ആഴ്ചകൾക്ക് മുമ്പാണ് കുവൈത്തിലെത്തിയത്.
സൂരജ് ആരോഗ്യ മന്ത്രാലയത്തിലും ബിൻസി പ്രതിരോധ മന്ത്രാലയത്തിലും സ്റ്റാഫ് നഴ്‌സുമാരായി ജോലി ചെയ്തുവരികയായിരുന്നു. ആസ്ട്രേലിയയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെയാണ് മരണം സംഭവിച്ചത്. പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം തുടങ്ങി. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.