കുവൈത്ത് വിമാനത്താവളത്തിന് തിരിച്ചടി; രാജ്യാന്തര വിമാനക്കമ്പനികൾ കൂട്ടത്തോടെ പിൻവാങ്ങുന്നു

ബ്രിട്ടീഷ് എയർവേസ്, സിംഗപ്പൂർ എയർലൈൻസ് തുടങ്ങി 14 വിമാനക്കമ്പനികളാണ് പ്രവർത്തനം അവസാനിപ്പിച്ചത്

Update: 2025-05-06 11:21 GMT
Editor : Thameem CP | By : Web Desk
Advertising

കുവൈത്ത് സിറ്റി: ഗൾഫ് മേഖലയിലെ വിമാനത്താവളങ്ങളെല്ലാം ഇപ്പോൾ വലിയ വളർച്ചയുടെ പാതയിലാണ്. യാത്രക്കാരുടെ എണ്ണത്തിൽ ഓരോ വർഷവും പുതിയ റെക്കോഡുകളാണ് വിമാനത്താവളങ്ങൾ സൃഷ്ടിക്കുന്നത്. എന്നാൽ ഈ സമയം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വാർത്തകൾ അത്ര ശുഭകരമല്ല. സാമ്പത്തികമായി ലാഭകരമല്ലാത്തതുകൊണ്ട് പല അന്താരാഷ്ട്ര വിമാനക്കമ്പനികളും കുവൈത്തിലെ പ്രവർത്തനം അവസാനിപ്പിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടുവരുന്നത്.

കഴിഞ്ഞ മാർച്ചിൽ ബ്രിട്ടീഷ് എയർവേസ് കുവൈത്തിലേക്കുള്ള അവരുടെ പ്രതിദിന വിമാന സർവീസുകൾ നിർത്തി. 60 വർഷത്തിലധികം കാലത്തെ സേവനമാണ് ബ്രിട്ടീഷ് എയർവേസ് അവസാനിപ്പിച്ചത്. കഴിഞ്ഞ സെപ്റ്റംബറിൽ ജർമ്മനിയുടെ ലുഫ്ഥാൻസയും, അതിനുമുമ്പ് നെതർലാൻഡ്സിന്റെ കെഎൽഎമ്മും കുവൈത്തിൽ നിന്നുള്ള പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. കൂടാതെ, സിംഗപ്പൂർ എയർലൈൻസ്, തായ് എയർവേയ്സ്, ഡെൽറ്റ എയർലൈൻസ്, യുണൈറ്റഡ് എയർലൈൻസ്, കാത്തേ പസഫിക്, സെബു പസഫിക് എയർ, ഫിലിപ്പൈൻ എയർലൈൻസ്, എയർ ഫ്രാൻസ്, സ്വിസ് എയർ, റോയൽ ബ്രൂണൈ എയർലൈൻസ് എന്നിങ്ങനെ ഇതുവരെ 14 അന്താരാഷ്ട്ര വിമാനക്കമ്പനികളാണ് കുവൈത്ത് വിമാനത്താവളത്തിലെ പ്രവർത്തനം നിർത്തിയത്. എന്നാൽ ഇതേ കമ്പനികൾ മറ്റ് ഗൾഫ് രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലേക്കുള്ള സേവനങ്ങൾ തുടരുകയും വികസിപ്പിക്കുകയുമാണ്.

 കുവൈത്തിന്റെ ഈ പിന്നോട്ട് പോക്കിന് വ്യവസായ നിരീക്ഷകർ പല കാരണങ്ങളും പറയുന്നുണ്ട്. അതിൽ പ്രധാനപ്പെട്ടത് ഉയർന്ന ഇന്ധന വിലയാണ്. അതുപോലെ പ്രാദേശിക വിമാനക്കമ്പനികളിൽ നിന്നുള്ള കടുത്ത മത്സരവും കുവൈത്ത് വിമാനത്താവളത്തിലെ സൗകര്യങ്ങളുടെ കുറവും യാത്രാ സേവനങ്ങളുടെ പോരായ്മയും ഇതിന് കാരണമാണ്. കഴിഞ്ഞ വർഷം കുവൈത്ത് വിമാനത്താവളത്തിൽ യാത്രികരുടെ എണ്ണത്തിൽ ഒരു ശതമാനമാണ് കുറവുണ്ടായത്. 2023-ൽ 15.6 മില്യൺ യാത്രികരുണ്ടായിരുന്നത് 2024-ൽ 15.4 മില്യണായി കുറഞ്ഞു. എന്നാൽ മറ്റ് പ്രധാന ഗൾഫ് വിമാനത്താവളങ്ങൾ ഈ സമയം വലിയ മുന്നേറ്റം നടത്തി. യാത്രക്കാരുടെ എണ്ണത്തിൽ ദുബൈ വിമാനത്താവളം 5.7 ശതമാനവും, ദോഹ 14.8 ശതമാനവും, റിയാദ് 17.8 ശതമാനവും, അബൂദബി 25.3 ശതമാനവും വളർച്ച കൈവരിച്ചു.

 കുവൈത്തിന്റെ വ്യോമയാന അടിസ്ഥാന സൗകര്യങ്ങളിൽ ഉടൻതന്നെ തന്ത്രപരമായ മാറ്റങ്ങളും നിക്ഷേപങ്ങളും നടത്തേണ്ടത് അത്യാവശ്യമാണെന്നാണ് ഈ കണക്കുകളെല്ലാം സൂചിപ്പിക്കുന്നത്. അന്താരാഷ്ട്ര വിമാനക്കമ്പനികളെ ആകർഷിക്കാനും നിലനിർത്താനും യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്താനും സാധിച്ചില്ലെങ്കിൽ കുവൈത്തിന്റെ വ്യോമയാന മേഖല കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങിയേക്കും.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News