കുവൈത്തിലെ മലയാളി നഴ്‌സ് ദമ്പതിമാരുടെ മരണം; ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കിയെന്ന് പൊലീസ് നിഗമനം
ദമ്പതികൾ തമ്മിൽ വഴക്ക് കൂടിയ ശബ്ദം കേട്ടതായി അയൽവാസികൾ
കുവൈത്ത് സിറ്റി: അബ്ബാസിയയിൽ മലയാളി നഴ്സ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. എറണാകുളം സ്വദേശിനി ബിൻസിയും കണ്ണൂർ സ്വദേശി സൂരജും മരിച്ച സംഭവത്തിലാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് പ്രാഥമിക നിഗമനം. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിന് സമീപത്തെ ഫ്ളാറ്റിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
ബുധനാഴ്ച രാത്രി ദമ്പതികൾ തമ്മിൽ വഴക്ക് കൂടിയ ശബ്ദം കേട്ടതായി അയൽവാസികൾ പറഞ്ഞു. പിന്നീട് സംഭവസ്ഥലത്തെത്തിയ പൊലീസിന് വാതിൽ തുറക്കാനായില്ല. പ്രോസിക്യൂട്ടറുടെ അനുമതിയോടെ വാതിൽ തകർത്താണ് പൊലീസ് അകത്തു കടന്നത്. തുടർന്ന് രണ്ട് പേരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പബ്ലിക് പ്രോസിക്യൂട്ടറും ഫോറൻസിക് സംഘവും എത്തി തെളിവുകൾ ശേഖരിച്ചു. മൃതദേഹങ്ങൾ ഫോറൻസിക് പരിശോധനയ്ക്കുശേഷം നാട്ടിലേക്ക് കൊണ്ടുപോകും.
ആസ്‌ട്രേലിയയിലേക്ക് കുടിയേറാനായുള്ള തയ്യാറെടുപ്പിലായിരുന്നു ദമ്പതികൾ. രണ്ടുമക്കളെ നാട്ടിലാക്കി ആഴ്ചകൾക്ക് മുമ്പാണ് കുവൈത്തിലേക്ക് തിരിച്ചെത്തിയത്. ദാരുണ സംഭവത്തിൽ പ്രവാസിമലയാളി സമൂഹം നടുങ്ങിയിരിക്കുകയാണ്.