കുവൈത്തിലെ പുതിയ ഗതാഗത നിയമം ഫലം കണ്ടു; ആദ്യ ആഴ്ചയിൽ ലംഘനങ്ങളിൽ 72% കുറവ്

ഏപ്രിൽ 22 മുതൽ 28 വരെ 6,342 ലംഘനങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്

Update: 2025-04-30 11:01 GMT
Editor : Thameem CP | By : Web Desk
Advertising

കുവൈത്ത് സിറ്റി: കുവൈത്തിൽ പുതിയ ഗതാഗത നിയമം നടപ്പാക്കിയതിന്റെ ആദ്യ ആഴ്ചയിൽ തന്നെ ഗതാഗത ലംഘനങ്ങളുടെ എണ്ണത്തിൽ 72 ശതമാനം കുറവുണ്ടായതായി ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ഡിപ്പാർട്ട്മെന്റ് അറിയിച്ചു. പുതിയ നിയമത്തോടുള്ള പൊതുജനങ്ങളുടെ സഹകരണം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പുതിയ കണക്കുകൾ. ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഏപ്രിൽ 22 മുതൽ 28 വരെ 6,342 ലംഘനങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് ഏപ്രിൽ 15 മുതൽ 21 വരെയുള്ള 22,651 ലംഘനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വലിയ കുറവാണ്.

മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ അനുസരിച്ച്, സീറ്റ് ബെൽറ്റ് ധരിക്കാത്തവരുടെ എണ്ണം 18,208 ൽ നിന്ന് 5,176 ആയി കുറഞ്ഞു, 71 ശതമാനം കുറവ്. മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനമോടിക്കുന്നവരുടെ എണ്ണം 2,962 ൽ നിന്ന് 422 ആയി കുറഞ്ഞു, 35 ശതമാനം കുറവ്. തെറ്റായി ടേൺ എടുക്കുന്നവരുടെ എണ്ണം 400 ൽ നിന്ന് 44 ആയി കുറഞ്ഞു, 89 ശതമാനം കുറവ്.

പുതിയ നിയമം ഫലപ്രദമായി നടപ്പാക്കിയതിലൂടെയാണ് ട്രാഫിക് ലംഘനങ്ങളിൽ ഇത്ര വലിയ കുറവുണ്ടായതെന്ന് പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ഡിപ്പാർട്ട്മെന്റ് അഭിപ്രായപ്പെട്ടു. ഇത് ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിനും പൊതുജന അവബോധം വളർത്തുന്നതിനുമുള്ള ശ്രമങ്ങൾക്ക് വലിയ സംഭാവന നൽകുന്നു. റോഡുകൾ നിരീക്ഷിക്കുന്നത് തുടരുമെന്നും നിയമലംഘകരെ പിടികൂടുമെന്നും മന്ത്രാലയം അറിയിച്ചു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News