വെടിയുണ്ടയും മദ്യവും കൈവശംവെച്ചു; കുവൈത്തിൽ എയർലൈൻ ജീവനക്കാരായ ഡോക്ടറും പൈലറ്റും അറസ്റ്റിൽ
പൈലറ്റിന്റെ വസതിയിൽ നിന്ന് ലൈസൻസില്ലാത്ത 500 വെടിയുണ്ടകളുടെ ശേഖരം കണ്ടെത്തി
കുവൈത്ത് സിറ്റി: കുവൈത്തിൽ നിയമവിരുദ്ധമായി മദ്യവും ലൈസൻസില്ലാതെ വെടിയുണ്ടകളും കൈവശം വെച്ച എയർലൈൻ ജീവനക്കാരായ ഡോക്ടറും ക്യാപ്റ്റൻ പൈലറ്റും അറസ്റ്റിൽ. ഇവരുടെ അറസ്റ്റ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് വെപ്പൺസ് ഇൻവെസ്റ്റിഗേഷനാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ലഗേജിൽ ഒളിപ്പിച്ച 64 വെടിയുണ്ടകൾ കണ്ടെത്തിയതിനെത്തുടർന്ന് എയർലൈനിൽ ജോലി ചെയ്യുന്ന ഡോക്ടറായ ഒന്നാം പ്രതിയെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുകയായിരുന്നു. വെടിയുണ്ട തന്റേതാണെന്ന് ചോദ്യം ചെയ്യലിൽ അദ്ദേഹം സമ്മതിക്കുകയും അതേ എയർലൈനിൽ ജോലി ചെയ്യുന്ന സഹപ്രവർത്തകനിൽ നിന്നാണ് അത് വാങ്ങിയതെന്ന് വെളിപ്പെടുത്തുകയും ചെയ്തു. തുടർന്ന് അധികൃതർ രണ്ടാമത്തെ പ്രതിയായ ക്യാപ്റ്റൻ പൈലറ്റിനെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് തന്നെ അറസ്റ്റ് ചെയ്തു. ഡോക്ടറുടെ കുറ്റസമ്മതമൊഴി പൈലറ്റും സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. ഇതോടെ അദ്ദേഹത്തിന്റെ സ്വത്തുക്കളും വാഹനങ്ങളും പൂർണമായി പരിശോധിക്കുന്നതിനായി പബ്ലിക് പ്രോസിക്യൂഷനിൽ നിന്ന് അധികൃതർ വാറണ്ട് നേടി. തുടർന്ന് പൈലറ്റിന്റെ വസതിയിൽ നിന്ന് ലൈസൻസില്ലാത്ത 500 വെടിയുണ്ടകളുടെ ശേഖരം ഉദ്യോഗസ്ഥർ കണ്ടെത്തി.
അൽഷാബ് അൽബഹ്രി പ്രദേശത്തെ മറ്റൊരു വസ്തുവിൽ നടത്തിയ രണ്ടാമത്തെ പരിശോധനയിൽ 87 കുപ്പി മദ്യം (കുവൈത്തിൽ മദ്യം നിയമവിരുദ്ധം) കണ്ടെത്തി, കൂടാതെ വീട്ടിൽ മദ്യം ഉൽപ്പാദിപ്പിക്കാൻ ഉപയോഗിക്കുന്നതായി കരുതുന്ന വിവിധ ഉപകരണങ്ങളും വസ്തുക്കളും കണ്ടെത്തി. ഇതോടെ വെടിമരുന്ന് കൈവശം വച്ചതായും ഓൺലൈനായി ഓർഡർ ചെയ്ത വസ്തുക്കൾ ഉപയോഗിച്ച് വീട്ടിൽ മദ്യം നിർമിച്ചതായും പൈലറ്റ് സമ്മതിക്കുകയും ചെയ്തു. ഇരുവരെയും ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി, അന്വേഷണം തുടരുകയാണ്.