നിരോധനം മാറി, വലനിറയെ ചെമ്മീൻ; കുവൈത്തിൽ മത്സ്യബന്ധന സീസൺ പുനരാരംഭിച്ചു
മാസങ്ങളുടെ ഇടവേളക്ക് ശേഷമാണ് കുവൈത്ത് മത്സ്യ വിപണിയില്‍ പ്രാദേശിക ചെമ്മീന്‍ എത്തിയത്
കുവൈത്ത് സിറ്റി: മാസങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം കുവൈത്തിൽ ചെമ്മീൻ മത്സ്യബന്ധന സീസൺ വീണ്ടും സജീവമായി. ഇതോടെ രാജ്യത്തെ മത്സ്യ വിപണിയിൽ പ്രാദേശിക ചെമ്മീൻ എത്തിത്തുടങ്ങി. രാജ്യത്തിന്റെ സമുദ്രപരിധിയിൽ ചെമ്മീൻ പ്രജനന കാലം കണക്കിലെടുത്ത് ജൂലൈ 31 വരെ ഏർപ്പെടുത്തിയിരുന്ന നിരോധനം അവസാനിച്ചതോടെയാണ് മത്സ്യബന്ധനത്തിന് അനുമതി നൽകിയത്.
നിരോധന കാലാവധി അവസാനിച്ച ഇന്നലെ, കുവൈത്ത് കടലിൽനിന്ന് നൂറിലേറെ ബാസ്‌കറ്റ് പ്രാദേശിക ചെമ്മീനാണ് ഷർഖ് മാർക്കറ്റിൽ എത്തിയത്. കാർഷിക-മത്സ്യവിഭവ അതോറിറ്റി ഡയറക്ടർ ജനറൽ എഞ്ചിനീയർ സലിം അൽ ഹായ് അറിയിച്ചതനുസരിച്ച്, ചെമ്മീനിന്റെ ലഭ്യത ഉറപ്പാക്കുന്നതിനും സമുദ്രസമ്പത്ത് സംരക്ഷിക്കുന്നതിനും ആവശ്യമായ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മത്സ്യത്തൊഴിലാളികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സെപ്റ്റംബർ 1 മുതൽ പ്രാദേശിക ജലാശയങ്ങളിലും മത്സ്യബന്ധനം അനുവദിക്കും. എന്നാൽ പരിസ്ഥിതി സൗഹൃദമായ 'കോഫ' വല ഉപയോഗിച്ചുള്ള ട്രോളിംഗ് മാത്രമേ അനുവദിക്കൂ എന്ന് അദ്ദേഹം വ്യക്തമാക്കി.
നിരോധന കാലയളവിൽ സൗദി ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽനിന്നുള്ള ചെമ്മീനാണ് കുവൈത്ത് വിപണിയിൽ എത്തിയിരുന്നത്. എന്നാൽ, കുവൈത്ത് സമുദ്രപരിധിയിലെ ചെമ്മീൻ മറ്റ് ചെമ്മീനുകളെക്കാൾ രുചികരമാണെന്ന് പൊതുവെ അഭിപ്രായമുണ്ട്. അറബ്യൻ തീരത്ത് ഏറ്റവും കൂടുതൽ ചെമ്മീനുള്ള മേഖലകളിലൊന്നാണ് കുവൈത്ത് തീരം.
സീസണിന്റെ ആദ്യ ദിവസം ഷർഖ് മാർക്കറ്റിൽ ഉയർന്ന വിലയാണ് രേഖപ്പെടുത്തിയത്. വരുംദിവസങ്ങളിൽ കൂടുതൽ ചെമ്മീൻ വിപണിയിൽ എത്തുമെന്നും അതോടെ വില കുറയുമെന്നുമാണ് ഉപഭോക്താക്കളുടെ പ്രതീക്ഷ.