തെരുവുഗുണ്ടായിസം ഇനി വേണ്ട!; ആയുധ നിയമം പുതുക്കി കുവൈത്ത്
മാരകായുധങ്ങൾ കൈവശം വെച്ചാൽ കടുത്ത ശിക്ഷ
കുവൈത്ത് സിറ്റി: കുവൈത്തിൽ വർധിച്ചു വരുന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തെ ആയുധ നിയമത്തിൽ വൻ മാറ്റങ്ങൾ വരുത്തി അധികൃതർ. തെരുവ് ഗുണ്ടായിസങ്ങൾ ചെറുക്കുന്നതിനായി മാരകായുധങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിച്ചാണ് നിലവിലുള്ള ആയുധ നിയമം പുതുക്കിയത്. എല്ലാത്തരം ആയുധങ്ങളുടെയും ഉടമസ്ഥാവകാശം, ലൈസൻസ് നൽകാനും നിയന്ത്രിക്കാനും പ്രത്യേകം അധികാരം എന്നിവ അധികാരികൾക്ക് നൽകുന്നതാണ് പുതിയ നിയമം. ഇത് കൂടാതെ, നിയമവിരുദ്ധമായി ആയുധങ്ങൾ കൈവശം വെക്കുന്നവരെ ജയിലിലടക്കാനും വ്യവസ്ഥയുണ്ട്.
ബ്ലേഡുകളും എയർ ഗണ്ണുകളും പരസ്യമായി പ്രദർശിപ്പിച്ച് പൊതുജനങ്ങളെ ആക്രമിക്കുകയോ ഭയപ്പെടുത്തുകയോ ചെയ്യുന്നവരുടെ എണ്ണം വർധിക്കുന്നതിലുള്ള ആശങ്കയെത്തുടർന്നാണ് ഈ നീക്കം. ഇത്തരം ആയുധങ്ങളുടെ വ്യാപകമായ ദുരുപയോഗം 'പൊതു സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയായി മാറിയിരിക്കുന്നു' എന്ന് സർക്കാർ വിശദീകരണക്കുറിപ്പിൽ പറയുന്നു. ഇത് അടിയന്തര നിയമപരമായ ഇടപെടൽ ആവശ്യമാക്കി. 1991 ലെ ഡിക്രി-നിയമം നമ്പർ 13 മുപ്പത് വർഷത്തിലേറെയായി നിലവിലുണ്ടെങ്കിലും, സുരക്ഷാ സാഹചര്യം ഗണ്യമായി മാറിയെന്നും ശക്തമായ നിയമനടപടികൾ ആവശ്യമാണെന്നും അധികൃതർ വ്യക്തമാക്കി.
- നിയമത്തിലെ പ്രധാന മാറ്റങ്ങൾ:
- ഇനി മുതൽ ആഭ്യന്തര മന്ത്രിയുടെയോ അദ്ദേഹം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്റെയോ ലൈസൻസ് ഇല്ലാതെ ഒരു ആയുധവും വെടിക്കോപ്പുകളും കൈവശം വെക്കാനോ വാങ്ങാനോ പാടില്ല.
- കാരണങ്ങൾ വിശദീകരിക്കാതെ തന്നെ ലൈസൻസുകൾ നിരസിക്കാനോ റദ്ദാക്കാനോ പരിഷ്‌ക്കരിക്കാനോ അധികാരികൾക്ക് പൂർണ്ണ അവകാശമുണ്ട്.
- വ്യക്തിപരമായോ തൊഴിൽപരമായോ വ്യക്തമായ കാരണങ്ങളില്ലാതെ മാരകായുധങ്ങളോ എയർ ഗണ്ണുകളോ പൊതു സ്ഥലങ്ങളിൽ കൊണ്ടുനടക്കുന്നത് പൂർണ്ണമായി നിരോധിച്ചിരിക്കുന്നു.
- വലിയ ആയുധങ്ങളായ പീരങ്കികൾ, മെഷീൻ ഗണ്ണുകൾ, സൈലൻസറുകൾ എന്നിവ ഒരു കാരണവശാലും കൈവശം വെക്കാൻ പാടില്ല.