കണ്ണുംപൂട്ടി വാങ്ങണ്ട! പുതിയ ലേബലൊട്ടിച്ച് പഴയത്; കുവൈത്തിൽ കാലാവധി കഴിഞ്ഞ നാല് ടൺ ഭക്ഷ്യ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾ പൂട്ടിച്ചു

Update: 2025-07-30 06:19 GMT
Advertising

കുവൈത്ത് സിറ്റി: ഭക്ഷ്യ സുരക്ഷാ ചട്ടങ്ങളുമായി ബന്ധപ്പെട്ട ലംഘനങ്ങൾ കണ്ടെത്താനായി കുവൈത്ത് അധികൃതർ നടത്തിയ പരിശോധനയിൽ ഏകദേശം നാല് ടൺ കാലാവധി കഴിഞ്ഞ ഭക്ഷ്യ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനായി വിവിധ ഭക്ഷ്യവസ്തുക്കളുടെ കാലഹരണ തീയതികളിൽ മനഃപൂർവ്വം കൃത്രിമം കാണിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പരിശോധനയിൽ കണ്ടെത്തി. ലായകങ്ങളോ കോട്ടണോ ഉപയോഗിച്ച് കാലഹരണ തീയതികൾ മായ്‌ച്ചോ തെറ്റായ തീയതിയുള്ള പുതിയ ലേബലുകൾ യഥാർഥ തീയതികൾക്ക് മുകളിൽ സ്ഥാപിച്ചോയാണ് കൃത്രിമം കാണിച്ചത്. കോൺ ചിപ്സ്, കൊക്കോ ഉൽപ്പന്നങ്ങൾ, ഉരുളക്കിഴങ്ങ്, മധുരപലഹാരങ്ങൾ, ചീസുകൾ, മറ്റ് ലഘുഭക്ഷണങ്ങൾ തുടങ്ങിയവയാണ് അധികൃതർ ഇത്തരത്തിൽ പിടിച്ചെടുത്തത്. ഈ ഇനങ്ങളിൽ പലതിലും കൃത്രിമം നടത്തിയതിന്റെ അടയാളങ്ങൾ ഉണ്ടായിരുന്നു.

ചില ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ കാലാവധി തീയതികൾ നാല് മാസം, അഞ്ച് മാസം, അല്ലെങ്കിൽ ഒരു വർഷം വരെ നീട്ടിയിരുന്നു. തട്ടിപ്പിന് ഉപയോഗിച്ച ഉപകരണങ്ങളും ഇൻസ്‌പെക്ടർമാർ അന്വേഷണത്തിൽ കണ്ടെത്തി. ചില ഉൽപ്പന്നങ്ങളുടെ കാലഹരണ തീയതികൾ കൈകൊണ്ട് നീക്കുന്നതും പ്രാദേശിക വിപണികളിൽ വിൽപ്പക്കാൻ വീണ്ടും ലേബൽ ചെയ്യുന്നതായും നിരീക്ഷിക്കപ്പെട്ടു.

ചില സ്റ്റോറുകളിലെ റഫ്രിജറേറ്ററുകളിൽ മാറ്റം വരുത്തിയ ലേബലുകളുള്ള, കാലഹരണപ്പെട്ട സാധനങ്ങൾ കണ്ടെത്തി. അവയിൽ ചിലതിന് ഒരു വർഷം വരെ കാലാവധി നൽകിയിരുന്നു. ഇത് ഉപഭോക്താക്കൾക്ക് ഗുരുതര ആരോഗ്യ ഭീഷണി ഉയർത്തുന്നതാണ്. കൂടാതെ പൊതു സുരക്ഷാ മാനദണ്ഡങ്ങളുടെ ഗുരുതര ലംഘനവുമാണ്.

നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും കുറ്റവാളികളെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തു. ഉൽപ്പന്നങ്ങളുടെ കാലഹരണ തീയതികൾ എപ്പോഴും പരിശോധിക്കാനും ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാനും അധികൃതർ ഓർമിപ്പിച്ചു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News