ഗസ്സക്ക് കുവൈത്തിന്റെ കൈത്താങ്ങ്; അടിയന്തര ദുരിതാശ്വാസ കാമ്പയിൻ ആരംഭിച്ചു
വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റിയും വിവിധ ജീവകാരുണ്യ സംഘടനകളും ഈ സംരംഭത്തിൽ പങ്കാളികളാകുന്നുണ്ട്
കുവൈത്ത് സിറ്റി: ഗസ്സയിലെ ജനതക്ക് പിന്തുണ പ്രഖ്യാപിച്ച് കുവൈത്ത് സാമൂഹിക കാര്യ മന്ത്രാലയം അടിയന്തര ദുരിതാശ്വാസ കാമ്പയിൻ ആരംഭിച്ചു. കുവൈത്ത് ഭരണകൂടത്തിന്റെ നിർദ്ദേശങ്ങൾക്കനുസൃതമായാണ് ഈ കാമ്പയിൻ. വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റിയും വിവിധ ജീവകാരുണ്യ സംഘടനകളും ഈ സംരംഭത്തിൽ പങ്കാളികളാകുന്നുണ്ട്.
സാമ്പത്തിക സംഭാവനകൾ സ്വീകരിക്കുന്നത് ഓഗസ്റ്റ് 3 ഞായറാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് മാത്രമായിരിക്കുമെന്ന് സാമൂഹിക കാര്യ മന്ത്രാലയത്തിലെ ചാരിറ്റബിൾ അസോസിയേഷൻസ് ആൻഡ് ഫൗണ്ടേഷൻസ് ഡിപ്പാർട്ട്‌മെന്റ് ആക്ടിങ് ഡയറക്ടർ ഇമാൻ അൽ എനേസി അറിയിച്ചു. അംഗീകൃത ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി മാത്രമായിരിക്കും ഈ സംഭാവനകൾ സ്വീകരിക്കുക.
അതേസമയം, ഭക്ഷ്യവസ്തുക്കളായിട്ടുള്ള സംഭാവനകൾ ജൂലൈ 31 വ്യാഴാഴ്ച മുതൽ ശേഖരിക്കാൻ മന്ത്രാലയം അനുമതി നൽകിയിരുന്നു. ഇതിൽ പങ്കെടുക്കുന്ന ചാരിറ്റികൾക്ക് കുവൈത്ത് ഫ്‌ലവർ മിൽസ് ആൻഡ് ബേക്കറീസ് കമ്പനിയിൽ നിന്ന് മാത്രമേ ഭക്ഷ്യവസ്തുക്കൾ വാങ്ങാൻ അനുവാദമുള്ളൂ. എല്ലാ സംഭാവന പാക്കേജുകളിലും ചാരിറ്റികളുടെ ഔദ്യോഗിക ലേബലുകൾ പതിപ്പിക്കാൻ അനുമതിയുണ്ട്. എല്ലാത്തരം സംഭാവനകളും കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റിക്ക് കൈമാറണം. അവർ ഈജിപ്ത്, ജോർദാൻ, ഫലസ്തീൻ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ഏജൻസികളുമായി ഏകോപിച്ച് സഹായം ഗസ്സയിൽ എത്തിക്കും.
പുതിയ സാമ്പത്തിക സംഭാവനകൾ സ്വീകരിക്കുന്നതിന് മന്ത്രാലയം അനുമതി നൽകുന്നില്ല. നിലവിൽ അംഗീകൃത ചാരിറ്റികളുടെ ദുരിതാശ്വാസ പദ്ധതികൾക്കുള്ള ഫണ്ടുകളോ വ്യക്തിഗത സംഭാവനകളോ മാത്രമേ ഈ കാമ്പയിനിലേക്ക് സ്വീകരിക്കുകയുള്ളൂ. കുവൈത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ രാജ്യത്തിന്റെ വിദേശ നയത്തിന്റെ പ്രധാന ഭാഗമാണെന്നും കുവൈത്തി സമൂഹത്തിന്റെ മാനുഷിക മൂല്യങ്ങളെ ഇത് പ്രതിഫലിക്കുന്നുണ്ടെന്നും അൽ എനേസി കൂട്ടിച്ചേർത്തു.